കോവിഡ് പരിശോധന – പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്താൻ കത്ത് അയച്ചു -എം കെ രാഘവൻ എം. പി.

മനാമ : നാട്ടിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്താൻ കത്ത് അയച്ചിട്ടുണ്ട് എന്ന് എം. കെ രാഘവൻ എം പി അറിയിച്ചു. ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഇത് സംബന്ധിച്ചു എം കെ രാഘവൻ എം പി ക്ക്‌ നിവേദനം നൽകിയിരുന്നു. ഇന്ത്യയിൽ കോവിഡ് രോഗികളുടെ വർദ്ധനവിന് കാരണം പ്രവാസികൾ നാട്ടിലേക്ക് ചെല്ലുന്നത് കൊണ്ടാണ് എന്ന രീതിയിൽ ചില ഭരണകർത്താക്കളും, ഉദ്യോഗസ്ഥരും ധരിച്ചു വച്ചിരിക്കുന്നത്. അത് കാരണം പരമാവധി പ്രവാസികൾ നാട്ടിൽ എത്താതിരിക്കാൻ ഓരോ പുതിയ നിബദ്ധനകളും ഓരോ ദിവസവും കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്നത്. ബഹ്‌റൈൻ അടക്കമുള്ള ഗൾഫ് നാടുകളിൽ നിലവിൽ മൂന്നര മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധന ഫലം ലഭിക്കും. ഈ പരിശോധന ഫലവുമായി നാലോ, അഞ്ചോ മണിക്കൂർ വിമാന യാത്ര ചെയ്തു നാട്ടിൽ എത്തിയാൽ വീണ്ടും പരിശോധന എന്നത് പ്രവാസികൾക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുക എന്നുള്ളത് മാത്രമാണ് ലക്ഷ്യം. ഫലത്തിൽ പത്തു മണിക്കൂറിനുള്ളിൽ രണ്ടു പരിശോധന. ലോകത്തുള്ള ഒരു രാജ്യം പോലും ഇങ്ങനെ ഒരു നിയമം പ്രാ വർത്തികമാക്കിയിട്ടില്ല. ഗൾഫ് മേഖലയിൽ കോവിഡ് പരിശോധനക്ക്‌ അയ്യായിരം ഇന്ത്യൻ രൂപ മുതൽ മുകളിലോട്ട് ചിലവാക്കണം. കൂടാതെ നാട്ടിൽ എത്തിയാൽ ആയിരത്തി എഴുന്നൂറു രൂപ കൂടി മുടക്കണം. നാലോ അഞ്ചോ അംഗങ്ങൾ ഉള്ള ഒരു കുടുംബം യാത്ര ചെയ്യാൻ മുപ്പത്തിനായിരത്തിൽ കൂടുതൽ തുക മുടക്കേണ്ടി വരുന്നു. കോവിഡ് പ്രതിസന്ധി മൂലം ലഭിക്കേണ്ട യഥാർത്ഥ ശമ്പളം പോലും ലഭിക്കാത്ത അവസ്ഥയിലാണ് ഇങ്ങനെ സർക്കാരുകളുടെ നിലാടുകൾ മൂലം അധിക ബാധ്യത പ്രവാസികൾക്ക് വന്ന് ചേരുന്നത്. വിദേശരാജ്യങ്ങളിൽ നടത്തുന്ന പരിശോധന റിസൾട്ട് സംബന്ധിച്ചു വല്ല സംശയം മൂലമാണ് വീണ്ടും പരിശോധനക്ക് നിർബന്ധിക്കുന്നതിന് കാരണം എങ്കിൽ ആ വിവരം സർക്കാർ തുറന്നു പറയുകയും, നാട്ടിലെ പരിശോധന മാത്രമാക്കി ചുരുക്കുകയും വേണം. ലോകത്തിലെ ഒരു രാജ്യവും പകർച്ചവ്യാധി ഉള്ള ആളുകളെ യാത്ര ചെയ്യുവാൻ അനുവദിക്കുകയില്ല. തെർമൽ സ്കാനിംഗ് വഴി പരിശോധന നടത്തിയാണ് എല്ലാവരെയും യാത്ര ചെയ്യാൻ അനുവദിക്കുന്നത്.
ഗൾഫ് നാടുകളിൽ നിന്ന് യാത്ര ചെയ്യുന്ന അനേകം ആളുകൾ കോവിഡ് വാക്സിൻ എടുത്തു കഴിഞ്ഞവർ ആണ്. അങ്ങനെയുള്ള ആളുകൾക്ക് നെഗറ്റീവ് സർട്ടിഫിക്കേറ്റ് കൂടാതെ ക്വറന്റൈൻ കൂടി നിബന്ധന കൂടി നിർദ്ദേശിക്കുന്നത് തുച്ഛമായ ദിവസങ്ങളുടെ അവധിക്ക് നാട്ടിൽ എത്തുന്ന പ്രവാസികൾക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുവാൻ മാത്രമേ ഉപകരിക്കു. ഇങ്ങനെ പ്രവാസികൾ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ മുൻ മുഖ്യ മന്ത്രി ഉമ്മൻ‌ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല എന്നിവരുടെ ശ്രദ്ധയിൽ പെടുത്തിയതായി ഒഐസിസി ദേശീയ കമ്മറ്റി പ്രസിഡന്റ്‌ ബിനു കുന്നന്താനം അറിയിച്ചു.