ജിദ്ദ∙ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ തൊട്ടുമുന്പിൽ, വിശ്വസിക്കാനാകാതെ റസ്റ്ററന്റ് ജീവനക്കാരും നാട്ടുകാരും. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് ഇന്നലെ സുരക്ഷ ഭടന്മാരുടെ അകമ്പടി ഇല്ലാതെയാണ് ജിദ്ദയിലെ ഒരു റസ്റ്ററന്റിൽ എത്തി ഭക്ഷണം കഴിച്ചത്. ജിദ്ദ ഖാലിദിയ്യയിലെ കുറു റസ്റ്ററന്റിൽ എത്തിയ കിരീടവകാശിക്കൊപ്പം ഡപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരനും ഉണ്ടായിരുന്നു.
കിരീടാവകാശിയെ നേരിൽ കണ്ട ജീവനക്കാര്‍ക്കും, അവിടെ ഭക്ഷണം കഴിക്കാൻ വന്ന സ്വദേശികൾക്കും ആദ്യം വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. ജീവനക്കാർക്കും സ്വദേശികൾക്കുമൊപ്പം ഫോട്ടോ എടുത്താണ് അദ്ദേഹം മടങ്ങിയത്.
ഇത്തരത്തിൽ ഭരണാധികാരികൾ സുരക്ഷാ ഭടന്മാരുടെ കൂടെയല്ലാതെ പൊതുസ്ഥലത്തെത്തുന്നത് അപൂർവമാണ്. സംഭവം രാജ്യം മുഴുവൻ വൈറലാകാൻ ഏറെ നേരം വേണ്ടി വന്നില്ല. മലയാളികളടക്കം ഭക്ഷണം കഴിക്കാൻ എത്താറുള്ള അറബിക് റസ്റ്ററന്റാണിത്.