കുവൈറ്റ് സിറ്റി: പൊതുമാപ്പ് പ്രയോജനപ്പെടുത്തേണ്ടവർക്ക് ഹെൽപ് ഡെസ്ക് സ്ഥാപിച്ചും കോവിഡ് ദുരിതത്തിൽ പ്രയാസപ്പെടുന്നവർക്ക് സഹായങ്ങൾ എത്തിച്ചും ഐ.സി.എഫ്, ആർ.എസ്.സി വളൻറിയർമാർ. ഒൗട്ട്പാസിനായി ഐ.സി.എഫ് വളൻറിയർമാർ മുഖേന ആയിരത്തോളം അപേക്ഷകൾ സ്വീകരിച്ചതായി ഭാരവാഹികൾ പറഞ്ഞു.വീട്ടുനിരീക്ഷണവും ലോക്ഡൗണും കാരണം നിസ്സഹായരായ നിത്യരോഗികൾക്ക് മരുന്നുകൾ എത്തിച്ചുകൊടുക്കുക, രോഗികൾക്കും മാനസികമായി പ്രയാസപ്പെടുന്നവർക്കും നാട്ടിലും ഗൾഫിലുമുള്ള ഡോക്ടർമാരെ ഉപയോഗപ്പെടുത്തി മെഡിക്കൽ കൗൺസലിങ് നൽകുക എന്നിവ നടക്കുന്നു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന ആയിരത്തോളം ആളുകൾക്ക് ഭക്ഷണക്കിറ്റും മരുന്നുകളും എത്തിച്ചിട്ടുണ്ട്. പൂർണ ലോക്ഡൗണിലായ ജലീബ്, മഹ്ബൂല മേഖലകളിൽ ആയിരത്തോളം പേർക്ക് സഹായങ്ങൾ എത്തിച്ചു. കൂടാതെ നൂറിൽപരം രോഗികൾക്ക് മെഡിക്കൽ കൗൺസലിങ് നൽകാനും സാധിച്ചതായി ഐ.സി.എഫ് ഭാരവാഹികൾ അറിയിച്ചു.