കുവൈറ്റ് സിറ്റി: പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന ഇന്ത്യക്കാരുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പുരുഷന്മാർക്കുള്ള ഫർവാനിയ ബ്ലോക്ക് 1 സ്ട്രീറ്റ് 76ലെ ഗേൾസ് സ്കൂൾ, ജലീബ് അൽ ശുയൂഖ് ബ്ലോക്ക് നാല് സ്ട്രീറ്റ് 250ലെ
നെയിം ബിൻ മസൂദ് ബോയ്സ് സ്കൂൾ എന്നിവിടങ്ങളിലും സ്ത്രീകൾക്കുള്ള ഫർവാനിയ ബ്ലോക്ക് 1, സ്ട്രീറ്റ് 122ലെ അൽ മുത്തന്ന ബോയ്സ് സ്കൂൾ, ജലീബ് അൽ ശുയൂഖ് ബ്ലോക്ക് നാല് സ്ട്രീറ്റ് 200ലെ റുഫൈദ അൽ അസ്ലമിയ ഗേൾസ് സ്കൂൾ എന്നീ നാല് സെന്റർറുകളിലും കനത്ത തിരക്ക് അനുഭവപ്പെട്ടു. രാവിലെ എട്ടു മുതൽ ഉച്ചക്ക് രണ്ടു വരെയാണ് പ്രവർത്തന സമയം എന്നാണ് അറിയിപ്പെങ്കിലും ഒരുമണിയോടെ നടപടിക്രമങ്ങൾ നിർത്തി അധികൃതർ ഗേറ്റ് അടക്കുന്നുണ്ട്. അതുകൊണ്ട് നേരത്തേ എത്തണം.ഏപ്രിൽ 20 വരെയാണ് ഇന്ത്യക്കാരുടെ രജിസ്ട്രേഷൻ. കാലാവധിയുള്ള പാസ്പോർട്ട് കൈവശമുള്ളവർ യാത്രക്ക് തയാറെടുത്ത് ലഗേജ് ഉൾപ്പെടെയാണ് വരേണ്ടത്. യാത്ര ദിവസം വരെ കുവൈത്ത് അധികൃതർ ഇവർക്ക് താമസമൊരുക്കും. പാസ്പോർട്ട്, സിവിൽ ഐ.ഡി,എമർജൻസി സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളൊന്നും കൈവശമില്ലാത്തവർ ഫർവാനിയ ബ്ലോക്ക് ഒന്നിലെ ഗേൾസ് പ്രൈമറി സ്കൂളിൽ തിരിച്ചറിയൽ പരിശോധനക്ക് എത്തണം. ഈ ഘട്ടത്തിൽ ഇവരെ ഷെൽട്ടറിലേക്ക് മാറ്റുന്നില്ല. അതുകൊണ്ടുതന്നെ ഇത്തരക്കാർ യാത്രക്കുള്ള ലഗേജ് കൊണ്ടുവരേണ്ട. എംബസി നിയോഗിച്ച വളൻറിയർ മാർ മുഖേന ഒൗട്ട്പാസിന് അപേക്ഷിച്ചവർ ഇപ്പോൾ പൊതുമാപ്പ് രജിസ്ട്രേഷന് വരേണ്ട. അവർ രേഖകൾക്കായി എംബസിയിലേക്കും വരേണ്ടതില്ല. എമർജൻസി സർട്ടിഫിക്കറ്റ് നടപടിക്രമങ്ങൾ പൂർത്തിയായാൽ അവരെ അറിയിച്ച് മാർഗനിർദേശം നൽകും. മാർച്ച് ഒന്നിന് മുമ്പ് വിസ കാലാവധി കഴിഞ്ഞവർക്കാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ കഴിയുക. മാർച്ച് ഒന്നിന് ശേഷം ഇഖാമ കഴിഞ്ഞവർക്ക് ആഭ്യന്തര മന്ത്രിയുടെ ഉത്തരവ് പ്രകാരം മേയ് 31 വരെ വിസ സ്വാഭാവികമായി പുതുക്കപ്പെട്ടിട്ടുണ്ട്. ഇതൊന്നുമറിയാതെ പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ എത്തിയ നിരവധി പേർക്ക് മടങ്ങേണ്ടിവന്നു.