കുവൈറ്റ് സിറ്റി: കുവൈത്തിൽ പൊതുമാപ്പ് രജിസ്ട്രേഷന് നിശ്ചയിച്ച കാലപരിധി വ്യാഴാഴ്ച അവസാനിക്കും. രജിസ്ട്രേഷൻ കേന്ദ്രങ്ങളിൽ അവസാന ദിവസങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നതിനാലും അനധികൃത താമസക്കാരുടെ നാലിലൊന്നുപോലും ഇതുവരെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടില്ലാത്തതിനാലും തീയതി നീട്ടാൻ സാധ്യതയുണ്ടെന്ന് സൂചനയുണ്ട്. വിവിധ രാജ്യങ്ങളുടെ എംബസികൾ തീയതി നീട്ടണമെന്ന് കുവൈത്ത് അധികൃതരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഒരുലക്ഷത്തിലേറെ അനധികൃത താമസക്കാരാണ് കുവൈത്തിലുള്ളത്. ഇതിൽ 22000ത്തോളം പേർ മാത്രമേ ഇതുവരെ പൊതുമാപ്പിന് രജിസ്റ്റർ ചെയ്തിട്ടുള്ളൂ. അവസാന രണ്ടുദിവസം കൊണ്ട് ആറായിരത്തോളം പേർക്ക് കൂടിയേ പരമാവധി സാധ്യമാവൂ. രാവിലെ എട്ടുമണി മുതൽ ഉച്ചക്ക് രണ്ടുവരെയാണ് പ്രവർത്തന സമയം എന്നാണ് അറിയിപ്പെങ്കിലും കർഫ്യൂ കാരണം ഉച്ചക്ക് ഒരുമണിക്കു മുമ്പ് നടപടികൾ അവസാനിപ്പിക്കുന്നുണ്ട്. പാസ്പോർട്ട് കൈവശമുള്ള 5000ത്തോളം ഇന്ത്യക്കാർ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. പാസ്പോർട്ട് ഇല്ലാത്ത 7000ത്തിന് മുകളിൽ ഇന്ത്യക്കാർ രജിസ്ട്രേഷൻ പൂർത്തിയാക്കാനുണ്ട്. ഇവർക്ക് ഇന്ത്യൻ എംബസിയുടെ ഒൗട്ട്പാസ് വിതരണം പുരോഗമിക്കുന്നു. ഇപ്പോൾ എല്ലാ രാജ്യക്കാർക്കും ഒരുമിച്ചാണ് രജിസ്ട്രേഷൻ. മുൻപ് ഫിലിപ്പീൻസ്, ഇന്ത്യ, ഇൗജിപ്ത്, ബംഗ്ലാദേശ് എന്നീ രാജ്യക്കാർക്ക് ഏപ്രിൽ ഒന്നുമുതൽ അഞ്ചുദിവസം വീതം അനുവദിച്ചിരുന്നു. ഇൗ രാജ്യങ്ങളിലെ അന്ന് രജിസ്റ്റർ ചെയ്യാത്തവർക്കും ഇൗ ഘട്ടത്തിൽ അവസരമുണ്ട്.