കുവൈറ്റ് സിറ്റി: പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയില്ലാതെ പ്രതികളെ തിരച്ചിലിന് വിധേയമാക്കുകയും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതിനെതിരേ പോലീസിനും ട്രാഫിക് ഉദ്യോഗസ്ഥര്‍ക്കും മുന്നറിയിപ്പുമായി കുവൈറ്റ് ക്രിമിനല്‍ കോടതി. ഒരാള്‍ മയക്കുമരുന്നോ ലഹരി പദാര്‍ഥങ്ങളോ കൈവശം വയ്ക്കുന്നതായി സംശയിക്കുന്നുവെന്ന് കരുതി ആവശ്യമായ അനുമതികള്‍ നേടാതെ വാഹനം പരിശോധിക്കാനോ വ്യക്തിയുടെ ശരീരത്തില്‍ തിരച്ചില്‍ നടത്താനോ പോലിസിന് അധികാരമില്ല. ഡ്രൈവിങ് ലൈസന്‍സ് ഇല്ലെന്നത് ഒരാളെ അറസ്റ്റ് ചെയ്യാനുള്ള കാരണമല്ലെന്നും സുപ്രധാന വിധിയില്‍ കുവൈറ്റ് കോടതി വ്യക്തമാക്കി.കുവൈറ്റ് അതിര്‍ത്തിയിലെ വാഹന പരിശോധനയ്ക്കിടെ മയക്കുമരുന്ന് കൈവശം വയ്ക്കുന്നതിനായി സംശയിച്ചളെയും അയാളുടെ വാഹനവും തെരച്ചിലിന് വിധേയമാക്കി ഹഷീഷ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ കണ്ടെടുത്ത കേസിലാണ് കുവൈറ്റ് കോടതിയുടെ വിധി. പരിശോധനയില്‍ ഇയാള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തിയ പോലിസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പബ്ലിക് പ്രൊസിക്യൂഷന്റെ അനുമതി നേടാതെയും നടപടിക്രമങ്ങള്‍ പാലിക്കാതെയുമാണ് പോലിസ് തെരച്ചില്‍ നടത്തിയതെന്നും തന്നെ അറസ്റ്റ് ചെയ്തതെന്നും കാണിച്ച് പ്രതി നല്‍കിയ പരിതായിലാണ് കോടതി വിധി. നടപടിയില്‍ നിയമലംഘനങ്ങള്‍ നടന്നതിനാല്‍ വ്യാപാരത്തിനും ഉപയോഗത്തിനുമായി മയക്കുമരുന്ന് (ഹാഷിഷ്), സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍ എന്നിവ കൈവശം വച്ചതിന് കുറ്റം ചുമത്തപ്പെട്ട ഒരു വ്യക്തിയെ കോടതി വെറുതെവിട്ടു.