കുവൈറ്റ് സിറ്റി : ഇന്ത്യൻ എംബസിയുടെ സീലും ഉദ്യോഗസ്ഥരുടെ ഒപ്പും വ്യാജമായി സൃഷ്ടിച്ച് സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്തുകൊടുത്തിരുന്ന സംഘത്തിലെ 7 പേർ പിടിയിൽ. ആന്ധ്രാ സ്വദേശികളാണ് പിടിയിലായത്. പരാതിയെ തുടർന്ന് കുവൈത്ത് കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണു സംഘം പിടിയിലായത്. പിടിയിലായവരുടെ താമസസ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ ഇന്ത്യൻ എംബസിയുടെ സീലും ഉദ്യോഗസ്ഥരുടെ ഒപ്പും വ്യാജമായി രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ, കുവൈത്ത് വിദേശ മന്ത്രാലയത്തിന്റെ വ്യാജ സീൽ എന്നിവ കണ്ടെത്തി.
സർട്ടിഫിക്കറ്റുകൾക്ക് പുറമേ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസും വ്യാജമായി നിർമിച്ചു നൽകിയിരുന്നെന്നും കണ്ടെത്തി. അന്വേഷണസംഘം നിയോഗിച്ചയാൾ ആവശ്യക്കാരൻ എന്ന നിലയിൽ സമീപിച്ചാണ് സംഘത്തെ കുടുക്കിയത്. ഗാർഹിക തൊഴിൽ വീസയിലുള്ളവരാണ് പിടിയിലായവർ. ഇവരുടെ സ്പോൺസർമാർക്കെതിരെയും നടപടിയുണ്ടാകും. പ്രതിമാസം 50,000 ദിനാർ വരെ സംഘം സമ്പാദിച്ചിരുന്നതായാണ് കണക്കാക്കുന്നത്. വീടുകളിൽ നിന്ന് പണവും സ്വർണവും ആഡംബര വാച്ചുകളും ഉൾപ്പെടെ വസ്തുക്കളും കണ്ടെടുത്തു. വാട്സാപ്പിലൂടെയായിരുന്നു സംഘത്തിന്റെ പ്രവർത്തനം. സംഘാംഗങ്ങളിൽ ചിലരുടെ വാട്സാപ് നമ്പർ ഇന്ത്യൻ മൊബൈൽ നമ്പറാണ്. ശബ്ദസന്ദേശങ്ങളാണ് കൈമാറുക. ഓപ്പറേഷൻ പൂർത്തിയാകുന്നതോടെ സന്ദേശം ഡിലീറ്റ് ചെയ്തുകളയും.
ഇന്ത്യൻ എംബസിയുടെ സീലും ഉദ്യോഗസ്ഥരുടെ ഒപ്പും ഹൈറെസല്യൂഷനിൽ സ്കാൻ ചെയ്ത് രേഖകളിൽ പതിക്കുകയായിരുന്നു. അതേസമയം കുവൈത്ത് വിദേശമന്ത്രാലയത്തിൻറെ സീൽ വ്യാജമായി നിർമിച്ചായിരുന്നു ഇടപാടുകൾ. ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ചിപ്പ് ഉൾപ്പെടെയാണ് സംഘം നൽകിയിരുന്നത്.
ഇന്ത്യൻ എംബസിയിലെ കോൺസുലർ സേവന കേന്ദ്രത്തിൽ വിവിധയിനം സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് പ്രതിദിനം 700 പേരെങ്കിലും എത്തുന്നുണ്ട്. അറ്റസ്റ്റേഷന് ആവശ്യമായ രേഖ കൈവശമില്ലാത്തതിനാൽ തിരിച്ചുപോകുന്നവരാണ് വ്യാജ സർട്ടിഫിക്കറ്റ് റാക്കറ്റിന്റെ ഇരകളാകുന്നത്. തിരിച്ചുപോകുന്നവരെ സമീപിച്ച് സംഘാംഗങ്ങൾ സഹായം വാഗ്ദാനം നൽകും. തുടർന്ന് ഇടപാട് ഉറപ്പിക്കും. എംബസി പരിസരം കേന്ദ്രീകരിച്ച് നിർത്തിയിടുന്ന ടാക്സികളായിരുന്നു സംഘത്തിന്റെ കേന്ദ്രം.