കുവൈത്ത് സിറ്റി: രാജ്യം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അധീനതയില്‍നിന്ന് മോചിതമായതിന്റെയും ഇറാഖിന്റെ അധിനിവേശത്തില്‍നിന്ന് വിടുതല്‍ നേടിയതിന്റെയും സ്മരണകളിൽ ദേശീയദിനവും വിമോചനദിനവും ഒരിക്കല്‍കൂടി വിരുന്നത്തുമ്ബോൾ കുവൈത്തും ജനതയും ആഘോഷത്തിമിര്‍പ്പില്‍. 1961ല്‍ ബ്രിട്ടീഷ് ആധിപത്യത്തില്‍നിന്ന് സ്വതന്ത്രമായതിന്റെ സ്മരണയില്‍ ശനിയാഴ്ച രാജ്യം 55 ആം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍, 1991ല്‍ സദ്ദാം ഹുസൈൻന്റെ ഇറാഖ് സൈന്യത്തിന്റെ കൈകളില്‍നിന്ന് മോചിതമായതിന്റെ ഓര്‍മയില്‍ ഞായറാഴ്ച 25 ആം വിമോചന ദിനവും കടന്നുവരുന്നു. ദേശീയ, വിമോചന ദിനാഘോഷങ്ങള്‍ക്കായി കുവൈത്ത് നാളുകള്‍ക്കുമുമ്പ് തന്നെ ഒരുങ്ങിക്കഴിഞ്ഞു. തണുപ്പ് അകന്നുതുടങ്ങുന്ന മാസമായ ഫെബ്രുവരി തുടങ്ങുന്നതോടെ രാജ്യം ഈ ആഘോഷത്തിലേക്ക് മാറിക്കഴിയും. കെട്ടിടങ്ങളും റോഡുകളും കൂറ്റന്‍ ദേശീയ പതാകയാലും അമീര്‍ ശൈഖ് സ്വബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ്, കിരീടാവകാശി ശൈഖ് നവാഫ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് എന്നിവരുടെ ചിത്രങ്ങളാലും അലങ്കരിക്കപ്പെട്ടിട്ട് ആഴ്ചകളായി. എവിടെ തിരിഞ്ഞുനോക്കിയാലും ദീപാലങ്കാരത്തിലൂടെ തെളിഞ്ഞുനില്‍ക്കുന്ന ഇത്തരം ചിത്രങ്ങള്‍ തന്നെ. കടകളും വീടുകളുമെല്ലാം ദേശീയ പതാകയുടെ നിറത്തില്‍ കുളിച്ചുനില്‍ക്കുന്നു. അമീറും കിരീടാവകാശിയും അധികാരത്തിലേറിയിട്ട് പത്തുവര്‍ഷം തികയുന്നതിന്‍െറ ഇരട്ടിമധുരം കൂടിയുണ്ട് ഇത്തവണത്തെ ആഘോഷത്തിന്. സ്വാതന്ത്ര്യം നേടി അധികകാലം കഴിയുന്നതിന് മുമ്പ് മേഖലയിലെ സമ്പന്ന രാഷ്ട്രങ്ങളിലൊന്നായി വളര്‍ന്നതാണ് കുവൈത്തിന്‍െറ ചരിത്രം. മത്സ്യബന്ധനവും മുത്തുവാരലും പാരമ്പര്യ തൊഴിലായിരുന്ന രാജ്യം എണ്ണഖനനത്തിന്‍െറ അപാരസാധ്യതകളിലേക്ക് ശ്രദ്ധതിരിച്ചതോടെ എണ്ണപ്പെട്ട രാജ്യമായി വളര്‍ന്നുകഴിഞ്ഞു. സ്വതന്ത്ര കുവൈത്തിന്റെ ഭരണഘടനയുടെ പിതാവ് എന്നറിയപ്പെടുന്ന ശൈഖ് അബ്ദുല്ല അല്‍സാലിം അസ്സബാഹും ഇറാഖ് അധിനിവേശകാലത്ത് നിശ്ചയദാര്‍ഢ്യത്തോടെ പ്രതിസന്ധികള്‍ തരണം ചെയ്ത ശൈഖ് ജാബിര്‍ അല്‍അഹ്മദ് അസ്സബാഹും വെട്ടിത്തെളിച്ച വഴിയിലൂടെ ഉറച്ച ചുവടുവെപ്പുകളുമായി മുന്നേറുന്ന അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് രാജ്യത്തെ പുതിയ വികസന പാതയിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്.