കുവൈറ്റ് ;ഉച്ചവിശ്രമ നിയമം പിൻവലിച്ചു

കുവൈറ്റ്: കുവൈറ്റിൽ കനത്ത ചൂടിനെ തുടർന്ന് ഏർപ്പെടുത്തിയ ഉച്ചവിശ്രമനിയമം പിൻവലിച്ചതായി മാൻപവർ അതോറിറ്റി അറിയിച്ചു. തുറസ്സായ സ്ഥലങ്ങളില്‍ രാവിലെ 11നും വൈകുന്നേരം നാലിനും ഇടയിൽ ജോലി ചെയ്യുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ജൂൺ ഒന്ന് മുതൽ ഓ​ഗസ്റ്റ് 31 വരെയാണ് ഉച്ചവിശ്രമ നിയമം ഏർപ്പെടുത്തിയിരുന്നത്. ഇക്കാലയളവിൽ നിയമം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ കർശന പരിശോധനകളും നടത്തിയതായി മാൻപവർ അതോറിറ്റി ആക്ടിം​ഗ് ഡയറക്ടർ ജനറൽ മർസൗസ് അൽ ഒട്ടൈബി പറഞ്ഞു. 362 സൈറ്റുകളിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഇവിടെ നിന്ന് 580 തൊഴിലാളികൾ ഉച്ച സമയത്ത് ജോലി ചെയ്തതായും കണ്ടെത്തി. ആദ്യം നിയമലംഘനം കണ്ടെത്തിയ സൈറ്റുകളിൽ വീണ്ടും പരിശോധന നടത്തി തീരുമാനം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കിയിരുന്നു എന്നും അധികൃതർ വ്യക്തമാക്കി.