കുവൈറ്റ് സിറ്റി: പൊതുമരാമത്ത് മന്ത്രി ജിനാൻ ബൂഷഹരി രാജിവെച്ചു. കഴിഞ്ഞ വർഷം നവംബറിലുണ്ടായ കനത്ത മഴയിൽ തകർന്ന റോഡുകൾ സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തുന്നതിലും വീഴ്ച വരുത്തിയ കമ്പനികളിൽനിന്ന് നഷ്ടപരിഹാരം ഇൗടാക്കുന്നതിലും വീഴ്ചയുണ്ടായി എന്ന് എം.പിമാർ പാർലമന്റിൽ ആരോപിച്ചതിന് പിന്നാലെയാണ് ചൊവ്വാഴ്ച വൈകീട്ട് മന്ത്രി രാജി സമർപ്പിച്ചത്.കമ്പനികൾക്ക് ഉത്തരവാദിത്ത നിർവഹണത്തിൽ വീഴ്ചയുണ്ടായി എന്ന് അംഗീകരിച്ചാണ് മന്ത്രിയുടെ രാജി.
അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ കരാർ ഏറ്റെടുത്ത കമ്പനികൾ വരുത്തിയ വീഴ്ചക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെന്നാണ് എം.പിമാർ പ്രാധാനമായും ആരോപിച്ചത്. അറ്റകുറ്റപ്പണി നടത്തിയതുകൊണ്ട് മാത്രം കാര്യമില്ല. ഗുണനിലവാരമില്ലാതെ നിർമാണപ്രവൃത്തികൾ നടത്തിയ കമ്പനികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും വേണമെന്നാണ് എം.പിമാരുടെ വാദം.നവംബറിലെ ശക്തമായ മഴയെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ നാശനഷ്ടങ്ങൾക്ക് നിർമാണ മേഖലയിലെ 12 കമ്പനികൾ ഉത്തരവാദികളാണെന്നാണ് അന്വേഷണസമിതി കണ്ടെത്തൽ.