കുവൈറ്റ്;പതിനായിരത്തിലധികം പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കി

കുവൈറ്റ് : പതിനായിരത്തിധികം പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കി. ഇത് സംബന്ധിച്ച് ലൈസന്‍സ് ഉടമകള്‍ക്ക് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നല്‍കിയിട്ടുണ്ട്. ജോലി മാറ്റവും ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശമ്പള നിബന്ധനയും ഉള്‍പ്പെടെ പ്രവാസികള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ ആവശ്യമായ നിബന്ധനകള്‍ ഇപ്പോള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തലിനെ തുടർന്നാണ് അധികൃതരുടെ നടപടി.ലൈസന്‍സ് റദ്ദാക്കപ്പെട്ടവരെ ഇക്കാര്യം എസ്എംഎസ് വഴി അറിയിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു . കൈവശമുള്ള ഡ്രൈവിങ് ലൈസന്‍സുകള്‍ തിരികെ ഏല്‍പ്പിക്കാനാണ് ഇവരോട് നിര്‍ദേശിച്ചിരിക്കുന്നത്. റദ്ദാക്കപ്പെട്ട ലൈസന്‍സുകളുമായി വാഹനം ഓടിക്കുന്നത് പിടിക്കപ്പെട്ടാല്‍ ട്രാഫിക് പട്രോള്‍ വിഭാഗങ്ങളില്‍ നിന്ന് ശക്തമായ ശിക്ഷ നടപടിയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.കുവൈറ്റിലെ ഡ്രൈവിങ് ലൈസന്‍സ് ഉടമകളില്‍ കൂടുതലും പ്രവാസികളായതിനാല്‍ ലൈസന്‍സിന്റെ സാധുതാ നിബന്ധനകള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നതായി അധികൃതര്‍ വ്യക്തമാക്കി.