കുവൈറ്റ്: തൊഴിൽവിസയുള്ളവർ തിരികെ രാജ്യത്തെത്തേണ്ട കാലാവധി ഒക്ടോബർ 31 വരെ

കുവൈറ്റ് : കുവൈറ്റിലെ തൊഴില്‍ വിസയുള്ളവർ ഒക്ടോബർ 31ന് മുൻപ് കുവൈത്തിൽ പ്രവേശിച്ചില്ലെങ്കില്‍ തൊഴില്‍ വിസ റദ്ദാകുമെന്ന് അധികൃതര്‍ അറിയിച്ചു. ആര്‍ട്ടിക്കിള്‍ 18 പ്രകാരമുള്ള പ്രൈവറ്റ് വിസയ്ക്കാണ് ഈ കാലയളവ് ബാധകമാകുന്നത്. ഈ വിസയ്ക്ക് 2022 മേയ് ഒന്ന് മുതലാണ് ആറുമാസത്തിനുള്ള സമയപരിധി കണക്കാക്കുകയെന്ന് അധികൃതർ പറഞ്ഞു ആര്‍ട്ടിക്കിള്‍ 17 (ഗവണ്‍മെന്റ് സെക്ടര്‍ വിസ), ആര്‍ട്ടിക്കിള്‍ 19 (പാര്‍ട്ണര്‍ വിസ), ആര്‍ട്ടിക്കിള്‍ 22 (ഫാമിലി വിസ), ആര്‍ട്ടിക്കിള്‍ 23 (സ്റ്റുഡന്റ്സ് വിസ), ആര്‍ട്ടിക്കിള്‍ 24 (സെല്‍ഫ് സ്‍പോണ്സര്‍ഷിപ്പ് വിസ) എന്നീ വിസകളുള്ളവരും ആറ് മാസത്തിലധികം കുവൈത്തിന് പുറത്ത് താമസിച്ചാല്‍ വിസ റദ്ദാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡന്‍സി അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് നേരത്തെ വ്യക്തമാക്കിട്ടുണ്ട് . ഇവരുടെ ആറ് മാസ കാലയളവ് കണക്കാക്കുന്നത് 2022 ഓഗസ്റ്റ് ഒന്ന് മുതലാണ് . അതുകൊണ്ടുതന്നെ ഈ വിസകളിലുള്ളവര്‍ ഇപ്പോള്‍ കുവൈത്തിന് പുറത്താണെങ്കില്‍ തിരികെ പ്രവേശിക്കാന്‍ 2023 ജനുവരി ഒന്ന് വരെ സമയം നൽകിയിട്ടുണ്ട് . കോവിഡ് സാഹചര്യത്തില്‍ വിവിധ രാജ്യങ്ങളിലെ വിമാനത്താവളത്തില്‍ അടച്ചിട്ടിരുന്നതിനാല്‍ മാനുഷിക പരിഗണന വെച്ച് ഇത്  താത്കാലികമായി നിർത്തലാക്കിയിരിക്കുകയായിരുന്നു.ആറ് മാസത്തെ സമയപരിധി അവസാനിച്ചിട്ടും കുവൈറ്റില്‍ ഇവര്‍ തിരികെയെത്തിയില്ലെങ്കില്‍ കുവൈറ്റിലെ പ്രവാസികളുടെ താമസ നിയമം പ്രകാരം വിസ റദ്ദാക്കും . കുവൈറ്റിലെ വിസാ നിയമപ്രകാരം വിദേശികൾക്ക് രാജ്യത്തിനു പുറത്ത് തുടർച്ചയായി താമസിക്കാവുന്ന പരമാവധി കാലയളവ് ആറുമാസമാണ്.