കുവൈറ്റ് സിറ്റി: കുവൈറ്റ് ദേശീയദിന, വിമോചന ദിന ആഘോഷത്തിന് ഒൗപചാരിക തുടക്കമായി. ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് ബയാൻ പാലസിൽ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് കുവൈത്ത് ദേശീയ പതാക ഉയർത്തിയതോടെയാണ് ആഘോഷത്തിന് കൊടിയേറിയത്. ഒരുമാസം നീണ്ടുനിൽക്കുന്ന പരുപാടികൾക്കാണ് തുടക്കമായത്.ചടങ്ങിൽ കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അസ്സബാഹ്, പാർലമന്റ് സ്പീക്കർ മർസൂഖ് അൽഗാനിം, രാജ കുടുംബത്തിലെയും ഭരണകൂടത്തിലെയും പ്രമുഖർ തുടങ്ങിയവർ സംബന്ധിച്ചു. രാജ്യത്തെ ആറ് ഗവർണറേറ്റുകളിലും ഇതോടനുബന്ധിച്ച് പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചു. ഗവർണർമാരും പ്രമുഖ നേതാക്കളും സ്ഥാനാരോഹണത്തിന്റെ 14ആം വാർഷിക ഭാഗമായി അമീറിന് ആശംസ അർപ്പിച്ചു.