തൊഴിൽ നിയമലംഘനം: കർശന പരിശോധനയുമായി അധികൃതർ

മസ്കറ്റ് : തൊഴിൽ നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ മാനവ വിഭവശേഷി മന്ത്രാലയം ഊർജിതമാക്കി.റോയൽ ഒമാൻ പൊലീസിന്റെ സഹകരണത്തോടെയാണ് പരിശോധന നടക്കുന്നത്.നവംബർ ആറിന് റൂവി, ഹമരിയ, മത്ര ഭാഗങ്ങളിൽ വിപുലമായ രീതിയിൽ സംയുക്ത പരിശോധന നടത്തിയിരുന്നു.

ഈ പരിശോധനയിൽ 109 അനധികൃത വിദേശ തൊഴിലാളികളാണ് പിടിയിലായത്.
തൊഴിൽ വിപണിയുടെ ക്രമീകരണം കാര്യക്ഷമമായി നടപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പരിശോധനകൾ തുടരുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം വക്താവ് പറഞ്ഞു.അംഗീകൃത തൊഴിൽ പെർമിറ്റുള്ള തൊഴിലാളികൾ മാത്രമാണ് തൊഴിൽ വിപണിയിൽ ഉള്ളതെന്ന് ഉറപ്പാക്കുന്നതിനായി വിവിധ തലങ്ങളിലുള്ള നടപടികൾ തുടരുകയും ചെയ്യും. തൊഴിൽനിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തൊഴിലാളികളും തൊഴിലുടമകളും ശ്രദ്ധിക്കണം.
‘ഫ്രീ വിസ’ സമ്പ്രദായം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളും മന്ത്രാലയം സജീവമായി നടത്തുന്നുണ്ട്. കടലാസ് കമ്പനികൾ രജിസ്റ്റർ ചെയ്തശേഷം വിദേശ തൊഴിലാളികളെ കൊണ്ടുവരുകയും അവരെ മറ്റുജോലികൾ ചെയ്യാൻ അനുവദിക്കുകയുമാണ് ചെയ്യുക. ഇതിന് പ്രതിഫലമായി സ്വദേശികൾ നിശ്ചിത തുക കൈപ്പറ്റുകയും ചെയ്യും. ഇതവസാനിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി മേയ്, ജൂൺ മാസങ്ങളിലായി ഒന്നിലധികം സ്വദേശികളെ അറസ്റ്റ് ചെയ്തിരുന്നു.തൊഴിൽ നിയമത്തിന്റെ 18-ആം വകുപ്പ് പ്രകാരം തൊഴിലുടമക്ക് തൻന്റെ സ്പോൺസർഷിപ്പിലുള്ളയാളെ മറ്റൊരാൾക്ക് കീഴിൽ തൊഴിലെടുക്കാൻ സമ്മതിക്കാൻ പാടുള്ളതല്ല. തൊഴിൽ പെർമിറ്റിൽഉള്ള പ്രഫഷനല്ലാതെ മറ്റൊരു വിഭാഗത്തിൽ തൊഴിലെടുപ്പിക്കുന്നതും നിയമപ്രകാരം അനുവദനീയമല്ല.2019 ആദ്യ പാദത്തിൽ തൊഴിൽനിയമ ലംഘനത്തിന് 6940 പേരാണ് പിടിയിലായത്. ഇതിൽ 2644 പേരും മസ്കത്തിലെ താമസമേഖലകളിൽനിന്നാണ് പിടിയിലായത്. തൊഴിൽനിയമ ലംഘകരുടെ എണ്ണം ഓരോവർഷവും കുറയുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നു.കഴിഞ്ഞ വർഷം മൊത്തം 24,396 വിദേശ തൊഴിലാളികളാണ് തൊഴിൽനിയമ ലംഘനത്തിന് പിടിയിലായത്.2017ൽ ഇത് 26837 ആയിരുന്നു.അനധികൃത താമസക്കാരെ കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിൽ അറിയിക്കണമെന്നും അവർക്ക് താമസസൗകര്യവും ജോലിയും നൽകരുതെന്നും മാനവ വിഭവശേഷി മന്ത്രാലയം വക്താവ് പറഞ്ഞു.