സാമൂഹിക പ്രവർത്തക സഫിയ അജിത്തിന്റെ ജീവിതം സിനിമയാകുന്നു

By : Mujeeb Kalathil

സൗദി അറേബ്യ : സൗദിയിലെ വിടപറഞ്ഞ മലയാളി സാമൂഹിക പ്രവർത്തക സഫിയ അജിത്തിന്റെ ജീവിതം സിനിമയാകുന്നു. സൗദിയിലെ ഒരു കൂട്ടം നവാഗതരാണ് ‘സഫിയ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിനു പിന്നിൽ. ദമാം ബ്യുറോ റിപ്പോര്‍ട്ട്
സിനിമ സൗദിയിലും നാട്ടിലുമായി ചിത്രീകരിക്കുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. സൗദി പ്രവാസിയും എഴുത്തുകാരിയുമായ സബീന എം സാലി, സഫിയയുടെ ജീവിതം ആസ്പദമാക്കി എഴുതിയ നോവൽ ആണു സിനിമക്ക് ആധാരം. ‘തണൽപ്പെയ്ത്ത്’ എന്ന പേരിൽ ഇറങ്ങിയ നോവലിന്റെ രചയിതാവ് തന്നെയാണ് സിനിമയുടെ തിരക്കഥയും നിർവഹിക്കുന്നത്. കേരളത്തില്‍ നിന്നുള്ള പ്രമുഖ നടിയായിരിക്കും സഫിയ എന്ന കഥാപത്രത്തെ അവതരിപ്പിക്കുക
സഹീർഷ കൊല്ലം ആണു സംവിധാനം. വാണിജ്യ താൽപര്യങ്ങൾക്കപ്പുറം സൗദിയിൽ സാമൂഹിക രംഗത്തു പ്രവാസികൾക്കായി ജീവിതാന്ത്യം വരെ നിലകൊണ്ട ഒരു വനിതയുടെ ജീവിതം അനുവാചകരിൽ എത്തിക്കുകയാണ് സിനിമയുടെ ലക്ഷ്യമെന്ന് അണിയറ പ്രവർത്തകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അർബുദ ബാധിതയാണെന്നറിഞ്ഞിട്ടും സാമൂഹ്യ ജീവകാരുണ്ണ്യത്തിന്‍റെ വഴിയിൽ തളരാതെ സജീവമായിരുന്ന സഫിയ 2015 ജനുവരി 26 നാണ് വിടവാങിയത്. സിനിമയുടെ അണിയറ പ്രവര്‍ത്തകരായ സതീഷ് കുമാർ, ജേക്കബ് ഉതുപ്പ്, ഹരീഷ് മുരളി, റാഫി തട്ടമല, മോജിദ് മോഹൻ, നിതിൻ കണ്ടേമ്പത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു