മനാമ : “വെളിച്ചമാണ് തിരുദൂതർ” എന്ന തലക്കെട്ടിൽ ഫ്രൻ്റ്സ് സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച കേമ്പയിനിൻ്റെ ഭാഗമായി മുഹറഖ് ഏരിയ സൗഹൃദ സംഗമം നടത്തി. പരിപാടിയിൽ യൂനുസ് സലീം മുഖ്യ പ്രഭാഷണം നിർവഹിച്ചു.ലോക ജനതക്ക് ശാന്തിദൂതുമായ് കടന്നുവന്ന മുഹമ്മദ് നബിയുടെ ജീവിത ദർശനം എല്ലാ കാലത്തും ഏറെ ശ്രദ്ധേയമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാനവിക സമൂഹത്തിന് ലഭിച്ച ആത്മനിർവൃതിയുടെ തിരുവസന്തമാണ് പ്രവാചക ജീവിതം. സ്‌നേഹമാണ് ലോകത്തിന്റെ നിലനിൽപ്പിനാധാരമായി വർത്തിക്കേണ്ടതെന്ന് അദ്ദേഹത്തിന്റെ ജീവിതം നമുക്ക് കാണിച്ചു തരുന്നു. സമൂഹത്തിൽ സൗഹൃദവും ഐക്യവും നിലനിർത്താൻ ഇത്തരം കൂടിച്ചേരലുകൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.പ്രവാചക ജീവിതത്തെ ആധാരമാക്കി നടത്തിയ ക്വിസ് മത്സര പരിപാടിക്ക് അബ്ദുൽ ഹഖ് നേതൃത്വം നൽകി. എ.എം. ഷാനവാസ് പരിപാടിയുടെ അവതാരകനായിരുന്നു. അബ്ദുൽ ജലീൽ അദ്ധ്യക്ഷത വഹിച്ചു. ഹേബ ഷകീബ് പ്രാർത്ഥന ഗീതം ആലപിച്ച പരിപാടിയിൽ സലാഹുദ്ധീൻ സ്വാഗതം ആശംസിച്ചു. ഏരിയാ കൺവീനർ നൗഷാദ്, സമീറ നൗഷാദ്,നൗഷാദ് മീത്തൽ , അബദുൽറഊഫ്, ഷാകിർ ആർ സി, ഇജാസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.