റിയാദ്:സൗദിയിൽ ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാർനിർമാതാക്കളായ ലൂസിഡ് കമ്പനി പ്രവർത്തനം ആരംഭിച്ചു. ഇതിലൂടെ 4000 തൊഴിലവസരങ്ങളും 117 ബില്യൺ ഡോളറിെൻറ കയറ്റുമതിയും രാജ്യത്തുണ്ടാകുമെന്ന് നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹ് പറഞ്ഞു.ജിദ്ദക്ക് സമീപം റാബിഖിലെ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ ലൂസിഡ് ഗ്രൂപ്പിെൻറ എ.എം.പി-2 ഫാക്ടറിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ലൂസിഡ് കാർ നിർമാണ ഫാക്ടറി തുറക്കുന്നത് അസാധാരണമായ പദ്ധതിയായാണ് തങ്ങൾ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.ആദ്യഘട്ടത്തിൽ പ്രതിവർഷം 5,000 കാറുകളാണ് നിർമിക്കുന്നത്. തുടർ ഘട്ടങ്ങൾ പൂർത്തിയാകുമ്പോൾ ഉദ്പാദന ശേഷി പ്രതിവർഷം 1,55,000 കാറുകളായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിക്ഷേപ മന്ത്രി വ്യക്തമാക്കി . സൗദി വിപണിയിൽ അവതരിപ്പിക്കുന്നതിനും മറ്റ് വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നതിനുമായി വലിയതോതിൽ ഇലക്ട്രിക് കാറുകൾ നിർമിക്കുമെന്ന് ലൂസിഡ് ഗ്രൂപ്പ് അധികൃതർ പറഞ്ഞു. 2030 ഓടെ സൗദിയിലെ 30 ശതമാനം കാറുകളെങ്കിലും ഇലക്ട്രിക് ആകാനുള്ള സൗദി ഗ്രീൻ ഇനിഷ്യേറ്റീവിെൻറ ലക്ഷ്യം കൈവരിക്കുന്നതിന് ലൂസിഡ് വലിയ പങ്കുവഹിക്കുമെന്നും ലൂസിഡ് ഗ്രൂപ്പ് വ്യക്തമാക്കി.