
മനാമ: ബഹ്റിനിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും വിപണിയിൽ ഉൽപന്നങ്ങളുടെ ലഭ്യത നിലനിർത്തുന്നതിനുമുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ലുലു ഗ്രൂപ് 100 ടണ്ണിലധികം ഭക്ഷ്യസാധനങ്ങൾ രാജ്യത്ത് എത്തിച്ചതായി ലുലു മാനേജ്മന്റ് അറിയിച്ചു . ബഹ്റൈൻ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറിന്റെ പ്രത്യേക സർവീസുകൾ വഴി ദമ്മാമിലെത്തിക്കുകയും തുടർന്ന് കിങ് ഫഹദ് കോസ്വേ വഴി സാധനങ്ങൾ ബഹ്റൈനിലെത്തിക്കുകയുമായിരുന്നു.നിലവിൽ ഒമ്പത് വിമാനങ്ങളിലായി പഴങ്ങൾ, പച്ചക്കറികൾ, മാംസം, ജ്യൂസുകൾ, ഇളനീർ, വിവിധ പലവ്യഞ്ജനങ്ങൾ, പരിപ്പ് വർഗങ്ങൾ, കുടിവെള്ളം എന്നിവ എത്തിച്ചു കഴിഞ്ഞു. കൊച്ചി, മുംബൈ, ലണ്ടൻ, തായ് ലൻഡ് എന്നിവിടങ്ങളിൽനിന്നാണ് ലുലു ഈ ഉൽപന്നങ്ങൾ ശേഖരിക്കുന്നത്. ഇവ ബഹ്റൈനിലെ വിവിധ ലുലു ഔട്ട്ലെറ്റുകൾ വഴി ഉപഭോക്താക്കളിലേക്ക് ലഭ്യമാകും . ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് 160 ടണ്ണും, കുവൈത്തിലേക്ക് 82 ടണ്ണും ഭക്ഷ്യവസ്തുക്കൾ ലുലു എത്തിച്ചിരുന്നു. വിപണിയിൽ ഉൽപന്നങ്ങളുടെ ക്ഷാമം ഉണ്ടാകാതിരിക്കാനും വിലക്കയറ്റം തടയാനും ലുലു ഗ്രൂപ് കൃത്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്ന് ചെയർമാൻ എം.എ. യൂസുഫലി അറിയിച്ചു. ആവശ്യമായ ഭക്ഷ്യശേഖരം ലുലുവിന്റെ പക്കലുണ്ടെന്നും ഉപഭോക്താക്കൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം ഉറപ്പു നൽകി .







