എം.എസ്.എസ് ദമ്മാം യൂണിറ്റ് ഇഫ്താർ സംഘടിപ്പിച്ചു

അൽഖോബാർ: നല്ല വ്യക്തി, നല്ല സമൂഹം എന്ന ആപ്തവാക്യമുയർത്തിപ്പിടിച്ച് സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ മേഖലയിൽ പിന്നാക്കം നിൽക്കുന്നവരുടെ ഉന്നമനത്തിനായി നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് കോഴിക്കോട് ആസ്ഥാനമായി രൂപം കൊണ്ട മുസ്ലിം സർവ്വീസ് സൊസൈറ്റി (എം.എസ്.എസ്) ദമ്മാം യൂണിറ്റ്, അൽഖോബാർ ഗൾഫ് ദർബാർ റസ്റ്റോറൻ്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ കുടുംബിനികളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു.

യൂണിറ്റ് പ്രസിഡൻ്റ് ശിഹാബ് കൊയിലാണ്ടി അദ്ധ്യക്ഷനായ പരിപാടിയിൽ പ്രമുഖ വാഗ്മിയും തനിമ സഊദി നാഷണൽ പ്രസിഡൻ്റുമായ കെ.എം.ബഷീർ റമളാൻ സന്ദേശം നൽകി.

പൈശാചികതയുടെ ആജ്ഞാനുവർത്തികളായി പാപത്തിൻ്റെ അവതാളങ്ങൾ സൃഷ്ടിച്ച് ആത്മാവിനെ തടവറയിലാക്കി അവയവങ്ങൾ ശരീരം ഭരിക്കുമ്പോൾ കൂച്ചുവിലങ്ങിടപ്പെടുന്ന ആത്മാവിനെ മാത്രമല്ല അക്രമാസക്തമായ ശരീരത്തെയും ആത്മസംസ്കരണത്തിലൂടെ തഖ് വയുള്ളവരാക്കി മാറ്റാൻ വഴിയൊരുക്കുന്ന പരിശുദ്ധ റമദാൻ, തങ്ങൾ സ്വരുക്കൂട്ടിവെച്ച സമ്പത്തിനെ ശുദ്ധീകരിച്ചെടുക്കുന്നതിനുള്ള അവസരം കൂടിയാണൊരുക്കുന്നതെന്നും വിശ്വാസി സമൂഹം അത് ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

നിർബന്ധ സക്കാത്ത് വിഹിതം നൽകുന്നതിൽ അനാസ്ഥ കാണിക്കുന്നതിലൂടെ, സക്കാത്ത് പണക്കാരൻ്റെ ഔദാര്യമല്ല പാവപ്പെട്ടവൻ്റെ അവകാശമാണെന്ന ദൈവീക വചനത്തെ കാറ്റിൽ പറത്തുകയെന്ന ദൈവനിന്ദയാണ് ചെയ്യുന്നതെന്നും അതിനിടവരുത്താതെ സക്കാത്തിനെ ഏറെ ഗൗരവത്തോടെ സമീപിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാമാരി പിടിമുറുക്കിയ കഴിഞ്ഞ റമദാനിൽ അകാലത്തിൽ പൊലിഞ്ഞ, എം.എസ്.എസ് ദമ്മാം യൂണിറ്റ് സ്ഥാപക നേതാവും മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവുമായിരുന്ന പി.എം.മുഹമ്മദ് നജീബിനെ സദസ്സ് അനുസ്മരിച്ചു. ജീവകാരുണ്യ, വിദ്യാഭ്യാസ രംഗങ്ങളിലെ സജീവ ഇടപെടലുകളിലൂടെ നിർദ്ധനരായ നാല് കുടുംബംഗങ്ങൾക്ക് വീട് നിർമ്മിച്ച് നൽകിയതും പഠന സഹായങ്ങൾ കൈമാറിയതുമടക്കമുള്ള മുൻകാല മികച്ച പ്രവർത്തനങ്ങൾ വരും നാളുകളിലും തുടരുമെന്ന് പ്രസിഡൻ്റ് അറിയിച്ചു.

ഹ്രസ്വ സന്ദർശനാർത്ഥം ദമ്മാമിലെത്തിയ മുൻ മലയാളം ന്യൂസ് ദമ്മാം ബ്യൂറോ ചീഫ് പി.എം.ഹാരിസ്, അബ്ദുൽ ഹമീദ്, ഹസ്സൻകോയ, റിയാസ് മാഹി എന്നിവർ ആശംസകൾ നേർന്നു. വൈസ് പ്രസിഡൻ്റ് അബ്ദുൽ മജീദ് കൊടുവള്ളി, മുസ്തഫ തലശ്ശേരി, ജോ. സെക്രട്ടറി നജീം ബഷീർ, നജീബ് അരഞ്ഞിക്കൽ, നൗഫൽ, ഷബീർ ആക്കോട്, നാസർ അണ്ടോണ, വനിതാവിംഗ് പ്രസിഡൻ്റ് ബാസിഹാൻ നടുക്കണ്ടി, ആക്ടിംഗ് ജ.സെക്രട്ടറി മുബീന മുസ്തഫ, ട്രഷറർ ഷംല നജീബ്, മജ്ബൂറ നൗഫൽ, തെസ്നി റിയാസ്, റൂബി അജ്മൽ, ഷംനാ നജീം, തെസ്നി മുസ്തഫ, സൗദ നാച്ചു, ഫസീല യൂനുസ്, ആമിന ഫിഹാസ്, ഖദീജ ഫർഹാൻ എന്നിവർ പരിപാടി നിയന്ത്രിച്ചു.

ജനറൽ സെക്രട്ടറി ടി.പി.റിയാസ് സ്വാഗതവും ട്രഷറർ മുസ്തഫ പാവയിൽ നന്ദിയുമറിയിച്ച ചടങ്ങിൽ നാസിയ നജീം ഖിറാഅത്ത് നടത്തി.