മനാമ :ലോകത്ത് വർധിച്ചു വരുന്ന അസമത്വത്തിനും, അക്രമത്തിനും, ആരാജകത്വത്തിനും പരിഹാരം ഗാന്ധിയൻ ദർശനങ്ങളെയും, കാഴ്ചപ്പാടുകളെയും മുറുകെ പിടിക്കുന്ന ഭരണ ക്രമങ്ങൾ വരുക എന്നുള്ളതാണ് അഭികാമ്യം എന്ന് ഒഐസിസി ബഹ്റൈൻ ദേശീയ കമ്മിറ്റി സംഘടിപ്പിച്ച മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ചു നടത്തിയ അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി അഭിപ്രായപ്പെട്ടു.തനിക്ക് അവകാശപ്പെട്ട രാജ്യഭരണം, അതിന് മുന്നോടിയായി നടക്കേണ്ട പട്ടാഭിഷേകത്തിൽ പങ്കെടുക്കാതെ സത്യത്തിനും, നീതിക്കും, ധർമ്മത്തിനും വേണ്ടി അനുജനെ രാജ്യഭരണം ഏൽപ്പിച്ചു വനവാസത്തിന് പോയ മര്യാദപുരുഷോത്തമനായ ഭഗവാൻ ശ്രീരാമനെയാണ് മഹാത്മജി ജീവിതത്തിൽ പകർത്തിയത്. ഇന്ന് ആ ശ്രീരാമന്റെ പേരിൽ രാജ്യത്തെ ശിഥിലമാക്കുവാനും, പരസ്പരം അക്രമവും, അനീതിയും കാട്ടുവാനുമാണ് ഭാരണാധികാരികൾ ശ്രമിക്കുന്നത്. നാം എല്ലാം ഒന്നാണ് എന്ന സന്ദേശം ആണ് കോൺഗ്രസ് രാജ്യത്തിന് നൽകിയത്. രാജ്യത്തിന്റെ ഭരണഘടനക്ക് രൂപം നൽകിയപ്പോൾ കോൺഗ്രസ്സിന് വേണമെങ്കിൽ മതാധിഷ്ഠ ഭരണഘടന ആക്കി മാറ്റമായിരുന്നു. മതമുള്ളവന്റെയും, മതമില്ലാത്തവന്റെയും നാടാണ് ഇന്ത്യ. മതനിരപേക്ഷതയെ ഭരണഘടനയുടെ ഭാഗമാക്കാൻ ആണ് നമ്മുടെ നേതാക്കൾ നിലകൊണ്ടത്. അതാണ് ഇന്ത്യൻ ഭരണഘടനയുടെ സൗന്ദര്യം. ഇന്ത്യയിൽ വരുന്ന തലമുറയിൽ നിന്ന് ഗാന്ധിജി പഠിപ്പിച്ച ആദർശങ്ങളും, ഗാന്ധിജിയുടെ ദർശനങ്ങളും ഇല്ലാതാക്കാനാണ് രാജ്യം ഭരിക്കുന്നവർ ശ്രമിക്കുന്നത്, അത് പാഠഭാഗങ്ങളിൽ നിന്ന് ഒഴിവാക്കുവാൻ ശ്രമിക്കുന്നത്.ഗാന്ധിജിയുടെ സ്മരണകളും, ഓർമ്മകളും വർഗീയ വാദികളെ എല്ലാക്കാലത്തും അലോസരപ്പെടുത്തിക്കൊണ്ടിരിക്കും .ഗാന്ധിജിയുടെ നിർദേശങ്ങൾ നെഞ്ചേറ്റി കൊണ്ട് നടക്കുക എന്നതാണ് ഓരോ കോൺഗ്രസ്സുകാരന്റെയും ചുമതല എന്നും റിജിൽ മാക്കുറ്റി തന്റെ ഉത്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം മുഖ്യപ്രഭാഷണം നടത്തി. ദേശീയ ജനറൽ സെക്രട്ടറി ബോബി പാറയിൽ സ്വാഗതവും, ദേശീയ സെക്രട്ടറി ജവാദ് വക്കം നന്ദിയും രേഖപ്പെടുത്തി. കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ സി ഷമീം നടുവണ്ണൂർ യോഗം നിയന്ത്രിച്ചു. ഒഐസിസി നേതാക്കളായ ഷാജി തങ്കച്ചൻ, എബ്രഹാം സാമുവേൽ, ചെമ്പൻ ജലാൽ, ജെസ്റ്റിൻ ജേക്കബ്, നിസാർ കുന്നത്ത്കുളത്തിൽ , രഞ്ചൻ കേച്ചേരി, പ്രദീപ് മേപ്പയൂർ എന്നിവർ പ്രസംഗിച്ചു. ഒഐസിസി നേതാക്കളായ ഗഫൂർ ഉണ്ണികുളം,മാത്യൂസ് വാളക്കുഴി, ഇബ്രാഹിം അദ്ഹം, ജി ശങ്കരപ്പിള്ള, ശ്രീധർ തേറമ്പിൽ, നസിം തൊടിയൂർ, സുധീപ് ജോസഫ്,ഫിറോസ് അറഫ,സുനിൽ കെ ചെറിയാൻ,അജിത് വർഗീസ്,ജലീൽ മുല്ലപ്പള്ളി, ബിജേഷ് ബാലൻ,സൽമാനുൽ ഫാരിസ്,സുനിൽ ജോൺ, റംഷാദ് അയിലക്കാട്, തുടങ്ങിയവർ നേതൃത്വം നൽകി.