പുതു ചരിത്രമെഴുതി മലർവാടി മഴവില്ല് ഐമാക് മെഗാ ചിത്രരചനാ മത്സരം.

മനാമ: പ്രവാസി വിദ്യാർഥികളിൽ വിജ്ഞാനത്തോടൊപ്പം  സർഗാത്മകതയും വളർത്തിയെടുക്കാനായി മലർവാടി ഐമാക്​ കൊച്ചിൻ കലാഭവനുമായി ചേർന്ന്​ സംഘടിപ്പിച്ച മലർവാടി മഴവില്ല് മെഗാ ചിത്രരചനാ മത്സരം എൽകെജി മുതൽ ഏഴാം ക്ലാസ് വരെയുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ ഉദ്ഘാടനം നിർവഹിച്ചു. പുറം ലോകം കാണാതെ വീടുകൾക്കുള്ളിൽ തങ്ങളുടെ കുഞ്ഞു ജീവിതം തളച്ചിടേണ്ടിണ്ടിവന്ന ഈ കോവിഡ് കാലഘട്ടത്തിൽ പുതു തലമറയുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള സംവിധാനങ്ങൾ  ഉണ്ടാക്കി കൊടുക്കുക എന്നുള്ളത് വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ പലനിറങ്ങൾ ചേർന്ന മാരിവില്ലിൻ്റെ അഴകുള്ള പടർന്നു പന്തലിക്കുന്ന ആൽമരമായി മലർവാടി ഉയരട്ടെ എന്ന് ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
കുട്ടികൾക്ക് വേണ്ടി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് അവരെ നൻമയുടെ പാതയിൽ ചേർത്തുനിർത്തുന്നതിനാണ് മലർവാടി ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച ഫ്രന്‍റ്​സ്​ സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് ജമാൽ ഇരിങ്ങൽ ചൂണ്ടിക്കാട്ടി. സൗദി ജുബൈൽ മലർവാടി കോഡിനേറ്റർ റയ്യാൻ മൂസ മുഖ്യ അതിഥിയായിരുന്നു.  ഹന, സന , ഹിബ, മിന്നത് എന്നിവർ സ്വാഗത ഗാനം ആലപിച്ചു. ഫ്രന്‍റ്​സ്​  ജന. സെക്രട്ടറി എം. എം സുബൈർ സ്വാഗതവും മലർവാടി കോഡിനേറ്റർ നൗമൽ റഹ്‌മാൻ നന്ദിയും പറഞ്ഞു. സഈദ് റമദാൻ നദ് വി, സമീർ ഹസൻ, അബ്ബാസ് മലയിൽ, ജലീൽ മുട്ടിക്കൽ, ജമീല ഇബ്രാഹിം, യൂനുസ് സലീം, അസ്‌ലം വേളം, മുഹമ്മദ് ഷാജി, എം. ബദ്റുദ്ദീൻ, അബ്ദുൽ ജലീൽ, സക്കീന അബ്ബാസ്, സമീറ നൗഷാദ് എന്നിവർ സന്നിഹിതരായിരുന്നു. .ആഷിർ അഷ്റഫ്, ഷദ ഷാജി എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു. വി. അബ്ദുൽ ജലീൽ, ശാക്കിർ (കിഡ്സ്) യൂനുസ് രാജ്, വി എം. മുർഷാദ് (സബ് ജൂനിയർ) അലി അഷ്റഫ്, ഹാസിൻ (ജൂനിയർ) എന്നിവർ ഇൻവിജിലേറ്റർമാരായിരുന്നു.