ഒമാൻ : മലയാളം മിഷൻ ആഗോളതലത്തിൽ പഠിതാക്കൾക്കായി സംഘടിപ്പിക്കുന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരം – മൂന്നാം പതിപ്പിന്റെ ഭാഗമായി മസ്കറ്റ് മേഖല തല മത്സരം ജൂൺ 2 ന് വെള്ളിയാഴ്ച ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് കേരളവിഭാഗം ഹാളിൽ നടക്കും. രാവിലെ 10 മണി മുതലാണ് മത്സരം. മലയാളം മിഷൻ ഭരണസമിതി അംഗമായിരുന്ന പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറുടെ സ്മരണാർത്ഥം 2021 മുതലാണ് സുഗതാഞ്ജലി കാവ്യാലാപന മത്സരം ആരംഭിച്ചത്. ആദ്യവർഷം സുഗതകുമാരിയുടെ കവിതകളും 2022 ൽ കുമാരനാശാന്റെ കവിതകളും ഉൾക്കൊള്ളിച്ചു കൊണ്ടായിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചത്. കാച്ചിക്കുറുക്കിയ കവിതകൾ കൊണ്ട് മലയാള കവിത സാഹിത്യത്തിൽ മാമ്പഴമധുരം വിളമ്പിയ വൈലോപ്പിള്ളി ശ്രീധരമേനോന് ആദരം അർപ്പിച്ചു കൊണ്ട് അദ്ദേഹത്തിന്റെ കവിതകൾ ഉൾക്കൊള്ളിച്ചു കൊണ്ട് ആണ് ഈ വർഷം മത്സരം. സബ്‌ജൂനിയർ , ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ആയാണ് മത്സരം. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തുന്നവർക്ക് മലയാളം മിഷൻ ഒമാൻ ചാപ്റ്റർ തല മത്സരത്തിലും തുടർന്ന് അവിടെ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തുന്നവർക്ക് ആഗോളതലത്തിൽ നടത്തുന്ന ഫൈനൽ മത്സരത്തിൽ പങ്കെടുക്കാനും യോഗ്യത ഉണ്ടാകുമെന്ന് മലയാളം മിഷൻ മസ്കറ്റ് മേഖല കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 92413676 ,99382142 ,79797570 ,94525767 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം
മലയാളം മിഷൻ ഒമാൻ (മസ്കറ്റ് മേഖല) സുഗതാഞ്ജലി – കാവ്യാലാപന മത്സരം ജൂൺ 2 ന് റൂവി കേരളവിങ് ഓഫീസിൽ.
By: Shaiju Medayil