ബിനാമി ബിസിനസ് നടത്തിയ മലയാളികൾ സൗദിയിൽ പിടിയിൽ; നാടുകടത്തും

റിയാദ് ∙ സൗദിയിൽ ബിനാമി ബിസിനസ് കേസിൽ രണ്ടു മലയാളികൾ അടക്കം നാലു പേർക്ക് പിഴയും നാടുകടത്തലും ശിക്ഷ വിധിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.

റിയാദിൽ മിനിമാർക്കറ്റുകൾ നടത്തിയ റിയാസ്‌ മോൻ പൊടിയാട്ട്കുണ്ടിൽ, ഹമീദ് അലി കാടൻ എന്നിവരെയും യെമനി പൗരൻ വഹീദ് അഹ്മദ് മുഹമ്മദ് അൽയൂസുഫിനെയും ഇവർക്ക് സഹായങ്ങൾ ചെയ്തു കൊടുത്ത സൗദി പൗരൻ മൻസൂർ ബിൻ സഈദ് ബിൻ മുഹമ്മദ് സഈദിനെയുമാണ് റിയാദ് ക്രിമിനൽ കോടതി ശിക്ഷിച്ചത്. നിയമ ലംഘകർക്ക് കോടതി 80,000 റിയാൽ പിഴ ചുമത്തി. ബിനാമി സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും ലൈസൻസും റജിസ്‌ട്രേഷനും റദ്ദാക്കാനും കോടതി ഉത്തരവിട്ടു. ഇതേ മേഖലയിൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് സൗദി പൗരന് കോടതി വിലക്കുമേർപ്പെടുത്തി.സൗദി പൗരന്റെ സഹായത്തോടെ മലയാളികളും യെമനിയും റിയാദിൽ മൂന്നു മിനിമാർക്കറ്റുകൾ നടത്തുകയായിരുന്നു. നിയമാനുസൃത സകാത്തും ഫീസും നികുതികളും പ്രതികളിൽ നിന്ന് ഈടാക്കാനും വിധിയുണ്ട്.

ശിക്ഷ പൂർത്തിയാക്കിയ ശേഷം വിദേശികളെ സൗദിയിൽ നിന്ന് നാടുകടത്തും. പുതിയ തൊഴിൽ വീസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ഇവർക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നിയമ ലംഘകരുടെ പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നാലു പേരുടെയും ചെലവിൽ പത്രത്തിൽ പരസ്യപ്പെടുത്താനും ഉത്തരവിട്ടു.