ജനകീയ ഡോക്ടറിന് വിട

മസ്​കറ്റ് : കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന മലയാളി ഡോക്​ടർ മരിച്ചു. കോട്ടയം ചങ്ങനാശേരി പെരുന്ന സ്വദേശി രാജേന്ദ്രൻ നായർ (76) ആണ്​ റോയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്​. ഒമാനിലെ ആറാമത്തെ കോവിഡ്​ മരണമാണിത്​. 40 വർഷത്തിലധികമായി ഒമാനിലുള്ള ഇദ്ദേഹം റൂവി ഹൈസ്ട്രീറ്റിലെ ക്ലിനിക്ക്​ ഉടമയായിരുന്നു. കോവിഡ്​ ലക്ഷണങ്ങളെ തുടർന്ന്​ അൽ നഹ്​ദ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തെ സ്​ഥിതി ഗുരുതരമായതിനെ തുടർന്ന്​ റോയൽ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക്​ രണ്ടാഴ്ച മുൻപ് മാറ്റുകയായിരുന്നു. സാധാരണ ക്കാരായ പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ ചികിത്സ ലഭിച്ചിരുന്ന സ്​ഥലമാണ്​ ഇദ്ദേഹത്തി​ന്‍റെ ക്ലിനിക്ക്​. അതിനാൽ ജനകീയ ഡോക്​ടർ എന്നാണ്​ ഇദ്ദേഹം അറിയപ്പെട്ടിരുന്നത്​. കുറഞ്ഞ വരുമാനക്കാരും ഇൻഷൂറൻസ്​ ഇല്ലാത്തവരുമായ നിരവധി മലയാളികളടക്കം ഇദ്ദേഹത്തി​ന്‍റെ ക്ലിനിക്കിലായിരുന്നു ചികിത്സക്കെത്തിയിരുന്നത്​. പലപ്പോഴും പണം വാങ്ങാതെയും ഇദ്ദേഹം രോഗികളെ ചികിൽസിച്ചിരുന്നു .വെള്ളിയാഴ്ച വൈകിട്ട് 4.50ഓടെയായിരുന്നു മരണം.

ഗൾഫ് പത്രത്തിന്റെ ആദരാജ്ഞലികൾ