ബഹ്റൈൻ : ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘മാംഗോ മാനിയ’ തുടക്കം കുറിച്ചു . തംകീൻ സി.ഇ.ഒ മഹാ അബ്ദുൽ ഹമീദ് മുഫീസിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് അടക്കം തായ്ലൻഡ്, ശ്രീലങ്ക, ഫിലിപ്പീൻസ്, യെമൻ, ഇന്തോനേഷ്യ, മലേഷ്യ, യു.എസ്.എ എന്നീ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളും, ലുലു ഗ്രൂപ് ഡയറക്ടർ ജൂസർ രൂപാവാലയും മുതിർന്ന ഉദ്യോഗസ്ഥരും ദനാമാൾ ലുലുവിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.യു.എസ്.എ, ഇന്ത്യ, മലേഷ്യ, തായ്ലൻഡ്, ശ്രീലങ്ക, അമേരിക്ക, ഇന്തോനേഷ്യ, യമൻ, ഫിലിപ്പീൻസ് തുടങ്ങി 15 രാജ്യങ്ങളിൽനിന്നുള്ള 80 ലധികം ഇനം മാമ്പഴങ്ങൾ വിൽപനക്കെത്തിയിട്ടുണ്ട്.മാമ്പഴം മിക്സഡ് കേക്കുകൾ,മാമ്പഴ ഐസ്ക്രീം, പുഡ്ഡിങ്, മാംഗോ സോസ്, മാങ്ങാ വിഭവങ്ങളുടെ നീണ്ടനിര തന്നെ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. വിവിധ തരം മാങ്ങാ അച്ചാറുകൾ , ഉപ്പിലിട്ടത് എന്നിവ കണ്ടാൽ തന്നെ വായിൽ വെള്ളമൂറും. മാമ്പഴം ചേർത്ത കറികളും, മാമ്പഴ പാനീയങ്ങളും ലഭ്യമാണ് . ഉപഭോക്താക്കൾക്ക് മാങ്ങാരുചി ആസ്വദിക്കാനായി പ്രത്യേക ‘മാംഗോ ഡൈൻ-ഇൻ’ ഏരിയയും സജ്ജീകരിച്ചിട്ടുണ്ട്. ‘മാംഗോ മാനിയ’ മേയ് 18 വരെ മേള തുടരുമെന്നും , ഉപഭോക്താക്കൾക്ക് മികച്ച രുചി അനുഭവം നൽകുമെന്ന് ലുലു ഗ്രൂപ് ഡയറക്ടർ ജൂസർ രൂപാവാല പറഞ്ഞു.