ബഹ്‌റൈൻ : ഐ വൈ സി സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് വർഷങ്ങളായി നൽകി വരുന്ന ഗൾഫ് ലോകത്തെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള ഷുഹൈബ് സ്മാരക പ്രവാസി മിത്ര അവാർഡ് ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകൻ മനോജ് വടകരക്കു ബഹ്‌റൈൻ പാർലമെന്റ് അംഗം ഹസ്സൻ ഈദ് ബുക്കാമ്മാസ് ഇന്ത്യൻ ക്ലബിൽ നടന്ന എട്ടാമത് യൂത്ത് ഫെസ്റ്റ് വേദിയിൽ വെച്ച് നൽകി.
സാമൂഹിക പ്രവർത്തകനും മുൻ പ്രവാസിയും , മട്ടന്നൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി യുമായിരുന്ന രക്തസാക്ഷി ഷുഹൈബ് എടയന്നൂരിന്റെ സ്മരണാർത്ഥമാണ് ഷുഹൈബ് പ്രവാസി മിത്ര പുരസ്‌കാരം നൽകി വരുന്നത്.
പ്രഥമ ഷുഹൈബ് പ്രവാസി മിത്ര പുരസ്‌കാരം കരസ്ഥമാക്കിയത് യു. എ.ഇ കേന്ദ്രമായി പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി ആയിരുന്നു.രണ്ടാമത് സൗദിയിൽ നിന്നുള്ള ജീവകാരുണ്യ പ്രവർത്തകൻ ഷിഹാബ് കൊട്ടുകാടിനും മൂന്നാമത് അവാർഡ് ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായിക്കുമാണ് നൽകിയിരുന്നത്.