ദുബായ് : മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ലോ കോളേജിനെ 2025 നകം രാജ്യത്തെ മികച്ച നിയമ ഗവേഷണ കേന്ദ്രമാക്കി വികസിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. ദേശീയ, അന്തര്‍ദേശീയ രംഗത്തെ പ്രമുഖ നിയമ പഠന ഗവേഷണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഈ ഗവേഷണ കേന്ദ്രം സാധ്യമാക്കാൻ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി രണ്ടു പുതിയ ദ്വിവര്‍ഷ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ അടുത്ത ജനുവരിയില്‍ ആരംഭിക്കുന്നതാണ്. എല്‍.എല്‍.എം കോണ്‍സ്റ്റിറ്റിയൂഷണല്‍ ലോ, എല്‍.എല്‍.എം കൊമേഴ്സ്യല്‍ ലോ എന്നിവ ആരംഭിക്കുതിനാണ് ബന്ധപ്പെട്ട എല്ലാ അനുമതികളും ലഭ്യമായിരിക്കുന്നത്. പ്രമുഖ നിയമ പണ്ഡിതനും അക്കാദമിക് വിദഗ്ധനുമായ ഡോ. ത്വാഹിര്‍ മഹ്മൂദിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് വിദഗ്ധ അക്കാദമിക സംഘത്തിന്റെ നേതൃത്വത്തിലാവും പ്രവര്‍ത്തനങ്ങള്‍ തുടരുക.
നിയമ രംഗത്തെ പ്രമുഖ വിദേശ പണ്ഡിതന്മാരുള്‍പ്പെടെയുള്ളവരുടെ സേവനം ലഭ്യമാക്കുന്നതിന് സ്കോളര്‍ ഇന്‍ റെസിഡന്‍സ് പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. മര്‍കസുമായി അക്കാദമിക് അഫിലിയേഷനുള്ള അന്തര്‍ദേശീയ സര്‍വ്വകലാശാലകളുമായി സ്റ്റുഡന്റ് – ഫാക്കല്‍റ്റി എക്സ്ചേഞ്ച് കരാര്‍ വഴി മര്‍കസ് വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്തും വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയിലും നിയമ രംഗത്തെ ഗവേഷണ, തുടർ പഠനങ്ങള്‍ക്ക് അവസരമൊരുങ്ങും.
മര്‍കസ് നോളജ് സിറ്റിയിലെ ആദ്യ പ്രൊഫഷണല്‍ സ്ഥാപനമായ ലോ കോളേജ് 2014ല്‍ പ്രവര്ത്ത നമാരംഭിച്ച് ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കകം മികച്ച അംഗീകാരമാണ് നേടിയെടുത്തത്. അക്കാദമികവും അക്കാദമികാനുബന്ധവുമായ മികവിലൂടെ സ്ഥാപനം രാജ്യമൊട്ടുക്കുനിന്നും വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നു. സാധാരണക്കാര്‍ക്ക് നിയമ സാക്ഷരതയും നിയമ സഹായവും നല്കുന്ന മര്‍കസ് ലീഗല്‍ എയ്ഡ് ക്ലിനിക്ക്, ലീഗല്‍ എയ്ഡ് കാമ്പുകള്‍ എന്നിവ ദേശീയ തലത്തില്‍ ശ്രദ്ധി ക്കപ്പെട്ടിട്ടുണ്ട്. സ്ഥാപനത്തിന്റെ NAAC അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. പഞ്ചവത്സര ബി.ബി.എ എല്‍.എല്‍.ബി, ത്രിവത്സര എല്‍.എല്‍.ബി കോഴ്സുകള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നു. നിയമ രംഗത്തെ പുതിയ പ്രവണതകളെ സ്വാംശീകരിച്ച് കൊണ്ടുള്ള വാല്യു ആഡഡ് കോഴ്സുകളും അടുത്ത അക്കാദമിക വര്‍ഷം മുതല്‍ ആരംഭിക്കുന്നതാണ്. ഭരണഘടനാ മൂല്യങ്ങളെ ജീവിതത്തില്‍ പകര്‍ത്തുന്ന പ്രതിബദ്ധരായ പ്രൊഫഷണലുകളെ സൃഷ്ടിക്കുകയാണ് മര്‍കസ് ലക്ഷ്യമിടുന്നത്.