മാസ്‌ക് നിര്‍ബന്ധമാക്കി ഉത്തരവ് പ്രാബല്യത്തിൽ

ദോഹ : രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ സേവന വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍, സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഷോപ്പിങ് നടത്തുന്നവര്‍, നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍ എന്നിവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി കൊണ്ടുള്ള ഉത്തരവ് ഞായറാഴ്ച മുതല്‍ പ്രാബല്യത്തിലായി.കോവിഡ്-19 വ്യാപനം തടയുന്നതിന്റെ പ്രതിരോധ നടപടികളുടെ ഭാഗമായാണ് മാസ്‌ക് നിര്‍ബന്ധമാക്കിയത്. കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭയുടെ തീരുമാനപ്രകാരമാണിത്. സാധനങ്ങള്‍ വാങ്ങാന്‍ മാസ്‌ക് ധരിക്കാതെ എത്തുന്ന ഉപഭോക്താക്കളെ അകത്ത് പ്രവേശിപ്പിക്കരുതെന്നാണ് വാണിജ്യശാലകള്‍ക്കുള്ള നിര്‍ദേശം.എല്ലാ ഉപഭോക്താക്കളും മാസ്‌ക് ധരിച്ചാണ് അകത്തേക്ക് പ്രവേശിക്കുന്നതെന്നു സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ ഉറപ്പാക്കുകയും വേണം. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ സേവന വകുപ്പുകള്‍ സന്ദര്‍ശിക്കുന്ന ഉപയോക്താക്കളും മാസ്‌ക് ധരിച്ചിരിക്കണം. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് പകര്‍ച്ചവ്യാധി പ്രതിരോധ നിയമം 1990 ലെ 17-ഴാം നമ്പര്‍ നിയമ പ്രകാരം പരമാവധി രണ്ട് ലക്ഷം റിയാല്‍ വരെ പിഴയോ അല്ലെങ്കില്‍ പരമാവധി മൂന്ന് വര്‍ഷം വരെ തടവും അല്ലെങ്കില്‍ തടവുംപിഴയും ഒരുമിച്ചോ അനുഭവിക്കേണ്ടി വരും.