മസ്കറ്റ് : മവേല സെൻട്രൽ പഴം-പച്ചക്കറി മാർക്കറ്റിൽ ബുധനാഴ്ച ചില്ലറ വ്യാപാരം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകളും നിയന്ത്രണങ്ങളും മസ്കത്ത് നഗരസഭ പുറത്തുവിട്ടു. ഉച്ചക്ക് 12 മുതൽ രാത്രി എട്ടുമണിവരെയായിരിക്കും ചില്ലറ വിൽപന വിഭാഗം പ്രവർത്തിക്കുക. എന്നാൽ ഹോൾസെയിൽ വിൽപന പുലർച്ച നാലുമുതൽ ഉച്ചക്ക് 11വരെ ആയിരിക്കും. അറ്റകുറ്റപ്പണിക്കും ശുചീകരണത്തിനും രോഗാണുമുക്തമാക്കൽ നടപടികൾക്കുമായി വെള്ളിയാഴ്ച മാർക്കറ്റ് പൂർണമായും അടച്ചിടും.സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ നിർബന്ധമായും മാസ്കും, ഗ്ലൗസും ധരിച്ചിരിക്കണമെന്ന് നഗരസഭയുടെ പ്രസ്താവനയിൽ പറയുന്നു. അല്ലാത്തവരെ മാർക്കറ്റിലേക്ക് പ്രവേശിപ്പിക്കില്ല. 12 വയസ്സിൽ താഴെയുള്ളവർക്കും 60 വയസ്സിനു മുകളിലുള്ളവർക്കും മാർക്കറ്റിൽ പ്രവേശനമുണ്ടാകില്ലെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു. 370 കാറുകൾ പാർക്ക് ചെയ്യാൻ മാർക്കറ്റിന്റെ പടിഞ്ഞാറ് ഭാഗത്തു സൗകര്യം ഒരുക്കിയിട്ടുണ്ട് .വാങ്ങിയ സാധനങ്ങൾ വാഹനത്തിന് അടുത്തേക്ക് എത്തിക്കുന്നതിനായി സൗജന്യ ട്രോളി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പോർട്ടർമാരുടെ സേവനം നിശ്ചിത നിരക്കിൽ ലഭ്യമാകുമെന്നും നഗരസഭ അറിയിച്ചു.