സ്വതന്ത്ര മാധ്യമ പ്രവർത്തനം ഭരണകൂടങ്ങൾ തടസ്സപ്പെടുത്തുന്നു; ജിഗീഷ്‌ മോഹൻ

ദമ്മാം : സ്വതന്ത്ര മാധ്യമ പ്രവർത്തനം ഭരണകൂടങ്ങൾ തടസ്സപ്പെടുത്തുകയാണെന്ന് പ്രമുഖ മാധ്യമ പ്രവർത്തകനും ദി ഹിന്ദു ബിസിനസ്‌ ലൈൻ ഡെപ്യൂട്ടി എഡിറ്ററുമായ ജിഗീഷ്‌ മോഹൻ അഭിപ്രായപ്പെട്ടു. ദമ്മാം മീഡിയ ഫോറം, “വിചാരണ ചെയ്യപ്പെടുന്ന മാധ്യമങ്ങൾ ” എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച മാധ്യമ വെബിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ജനാധിപത്യത്തെ താങ്ങി നിർത്തുന്ന ആദ്യ മൂന്ന് തൂണുകളും ശക്തമായിരിക്കുമ്പോൾ മാത്രമേ നാലാം തൂണായ മാധ്യമങ്ങൾക്കും ശക്തമായി നിലനിൽക്കാനാകുകയുള്ളൂ. ദൗർഭാഗ്യവശാൽ നിയമനിർമ്മാണ സഭകളും, നീതിന്യായ സംവിധാനങ്ങളും, ഭരണ നിർവ്വഹണ സംവിധാനങ്ങളും പലവിധ പുഴുക്കുത്തുകൾക്കും വിധേയമായിരിക്കുന്നു. ഇതിന്റെ സമ്മർദ്ദം മാധ്യമങ്ങൾക്ക്‌ മേലും ശക്തമായതോടെ മാധ്യമ പ്രവർത്തന രംഗത്തെ മൂല്യങ്ങൾക്കും ശോഷണം സംഭവിച്ചിരിക്കുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള ജേണലിസ്റ്റ്‌ യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ അനിൽ ബിശ്വാസ്‌ വെബിനാർ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ പല മേഘലകളും ഇന്ന് മൂല്യച്യുതിയിലാണെന്നും സാമൂഹിക പ്രതിബദ്ധതയോടെയും ഗൗരവമായ ഉത്തരവാദിത്ത ബോധത്തോടെയും നിർവ്വഹിക്കപ്പെടേണ്ട മാധ്യമ പ്രവർത്തനവും മൂല്യച്ച്യുതിയിലകപ്പെടാൻ വിവിധ കാരണങ്ങൾ പ്രേരകമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പല മാധ്യമ സ്ഥാപനങ്ങളേയും ഇന്ന് കോർപ്പറേറ്റുകൾ കൈക്കലാക്കിയിരിക്കുന്നു. കോർപ്പറേറ്റുകളും ഭരണകൂടങ്ങളും തമ്മിലുള്ള അവിഹിത കൂട്ടുകെട്ടലുകൾ പലപ്പോഴും വാർത്തകളെ അവരുടെ താൽപര്യങ്ങൾക്ക്‌ വിധേയമാക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാധ്യമങ്ങളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചതും സാമൂഹിക മാധ്യമങ്ങളുടെ ഇടപെടലുകൾ ശക്തമാകുകയും ചെയ്തതോടെ മാധ്യമങ്ങൾക്കിടയിൽ അനാരോഗ്യകരമായ മാൽസര്യബുദ്ധിയും പ്രകടമായിരിക്കുന്നു. വാർത്തകളുടെ ഉറവിടം പോലും കൃത്യമായി ഉറപ്പു വരുത്താതെ വാർത്ത തങ്ങളുടേതായി അദ്യം പുറം ലോകത്തെത്തിക്കാനുള്ള മൽസരം പലവിധ അബദ്ധങ്ങൾക്കും അപകടങ്ങൾക്കും വരെ കാരണമാകുന്നു. പരസ്യവരുമാനം മാധ്യമങ്ങളുടെ പ്രധാനപ്പെട്ട ഒരു വരുമാന മാർഗ്ഗമായതിനാൽ പലപ്പോഴും പരസ്യദായകർ നിശ്ചയിക്കുന്ന രൂപത്തിലും വാർത്തകൾ നൽകാൻ മാധ്യമങ്ങൾ നിർബന്ധിതരാകാറുണ്ട്‌. മാറിവരുന്ന സാഹചര്യത്തിൽ തൊഴിൽ നഷ്ടമുൾപ്പെടെ നിരവധി വെല്ലുവിളികൾ നേരിടുന്ന മാധ്യമ പ്രവർത്തകർക്ക്‌ ഭരണ കൂടങ്ങളുടെ കടിഞ്ഞാൺ കൂടി വീഴുന്നതോടെ സ്വതന്ത്ര മാധ്യമ പ്രവർത്തനം സാധ്യമാകുന്നില്ല എന്ന് മാത്രമല്ല നിക്ഷിപ്ത താൽപര്യങ്ങൾക്കനുസരിച്ച്‌ വാർത്തകൾ സൃഷ്ടിക്കേണ്ടി വരുന്നു എന്നതും ജനാധിപത്യ ഇന്ത്യയിൽ മാധ്യമ വിചാരണക്കിടവരുത്തുന്നു എന്ന് വെബിനാർ അഭിപ്രായപ്പെട്ടു. ദമ്മാം മീഡിയ ഫോറം പ്രസിഡന്റ്‌ സാജിദ്‌ ആറാട്ടുപുഴ അദ്ധ്യക്ഷം വഹിച്ച വെബിനാറിൽ ഫോറം ജനറൽ സെക്രട്ടറി സിറാജുദീൻ വെഞ്ഞാറമൂട്‌ സ്വാഗത പ്രഭാഷണം നടത്തി. അന്തരിച്ച പ്രമുഖ മാധ്യമ പ്രവർത്തകൻ കെ എം റൊയിയെ ഫോറം രക്ഷാധികാരി ഹബീബ്‌ എലംകുളം അനുസ്മരിച്ചു. കേരള ജേണലിസ്റ്റ്‌ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സ്മിജൻ, സുനിൽ മേനോൻ, (ഔട്ട്‌ ലുക്ക്‌) ജമാലുദ്ദീൻ (കൈരളി ന്യൂസ്‌ മിഡിലീസ്റ്റ്‌), ജയൻ കൊടുങ്ങല്ലൂർ (റിയാദ്‌ ഇന്ത്യൻ മീഡിയ ഫോറം) വിവിധ സാമൂഹിക പ്രവർത്തകർ ആശംസകൾ നേർന്നു. ഫോറം ട്രഷറർ മുജീബ്‌ കളത്തിൽ നന്ദി രേഘപ്പെടുത്തി. സുബൈർ ഉദിനൂർ, നൗഷാദ്‌ ഇരിക്കൂർ, ലുഖുമാൻ വിളത്തൂർ, അഷ്രഫ്‌ ആളത്ത്‌, റഫീഖ്‌ ചെമ്പോത്തറ, പ്രവീൺ നേതൃത്വം നൽകി.