മസ്ക്കറ്റ് :ഒമാനില്‍ നാലായിരത്തിലധികം മരുന്നുകളുടെ വിലകുറച്ചു. ജി.സി.സി രാജ്യങ്ങളിലെ മരുന്നു വില ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് ഒമാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ നടപടി.വ്യാഴാഴ്ച മുതലാണ് നാലായിരത്തിലധികം മരുന്നുകളുടെ വില കുറച്ചു കൊണ്ട് ഒമാന്‍ ആരോഗ്യമന്ത്രാലയം ഉത്തരവിട്ടത്. പുതിയ വിലയ്ക്ക് അനുസരിച്ച് മരുന്നുകള്‍ നല്കാന് മന്ത്രാലയം ഫാര്‍മസികള്‍ക്കും ആശുപത്രികള്‍ക്കും നിര്‍ദേശം നല്കി. ഉല്പാദന ചെലവ്, ഇന്‍ഷുറന്‍സ്, ചരക്കുകൂലി എന്നിവയ്ക്കൊപ്പം നാല്‍പ്പത്തിയഞ്ച് ശതമാനം ലാഭവിഹിതവും ചേര്‍ത്തായിരിക്കും മരുന്നുകളുടെ വില നിശ്ചയിക്കുക. മന്ത്രാലയത്തിന്റെ ടെക്നിക്കല്‍ കമ്മിറ്റി ആയിരിക്കും ഉല്പാദന ചെലവ്, ഇന്‍ഷുറന്‍സ്, ചരക്കുകൂലി എന്നിവ നിശ്ചയിക്കുക. ലാഭവിഹിതത്തിൽ 19 ശതമാനം പ്രധാന വിതരണക്കാരനും 26 ശതമാനം റീെട്ടയിൽ ഫാർമസിക്കും അവകാശപ്പെട്ടതായിരിക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.ഘട്ടം ഘട്ടമായി മരുന്നുവില മറ്റു ഗൾഫ് രാജ്യങ്ങൾക്കൊപ്പം എത്തിക്കുക എന്ന, ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ ലക്ഷ്യമാണ് ഇപ്പോൾ നടപ്പിലായിരിക്കുന്നത്. 2014 ഒക്ടോബറിൽ 1400 മരുന്നുകളുടെയും 2015 ജൂണിൽ 1180 മരുന്നുകളുടെയും വിലയിൽ ഒമാൻ സർക്കാർ കുറവുവരുത്തിയിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ നടപടി.