മനാമ : കോവിഡ് 19 മൂലം വിദേശ രാജ്യങ്ങളിൽ മരണപ്പെട്ട പ്രവാസി കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കാൻ സംസ്ഥാനത്തു നോട്ട് കെട്ടി വച്ചിരിക്കുകയല്ല എന്ന മന്ത്രി മേഴ്സികുട്ടിയമ്മയുടെ പ്രസ്താവന പിൻവലിച്ചു മരണപ്പെട്ട പ്രവാസി കുടുംബങ്ങളോട് മാപ്പ് പറയണം എന്ന് ഒഐസിസി ബഹ്റൈൻ ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രവാസി കുടുംബങ്ങളെ സഹായിക്കാൻ സംസ്ഥാന സർക്കാർ മുന്നോട്ട് വരുമോ എന്ന മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിന് മറുപടിയായി സംസ്ഥാനത്തെ ഒരു മന്ത്രിതന്നെ നൽകിയ മറുപടി പ്രവാസലോകത്തെ ആളുകളെ ശത്രുക്കളായി കാണുന്നു എന്നുള്ളതിന് തെളിവാണ്. നോട്ട്കെട്ടുകളുടെ മുകളിൽ കയറി അട ഇരിക്കാനല്ല ജനങ്ങൾ അധികാരം നൽകിയത് എന്ന് മന്ത്രി മനസിലാക്കിയാൽ നല്ലത്. പ്രമുഖ ദിനപത്രത്തിൽ വിദേശ രാജ്യങ്ങളിൽ കോവിഡ് മൂലം മരണപ്പെട്ട പ്രവാസികളുടെ ഫോട്ടോ ഒന്നിച്ചു പ്രസിദ്ധീകരിച്ചതിൽ മാധ്യമ പ്രവർത്തകരോട് കയർത്തിട്ട് കാര്യമില്ല. മരണപ്പെട്ട പ്രവാസി കുടുംബങ്ങൾ എല്ലാം സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരാണ്. പല ആളുകളും വീട് വയ്ക്കുന്നതിന്, മക്കളുടെ കല്യാണത്തിന്, കുട്ടികളുടെ പഠനത്തിന് ഒക്കയായിട്ടു ലോൺ എടുത്ത ആളുകളണ്. കുടുംബത്തിൽ വരുമാനം ഉണ്ടാക്കുന്ന ആളാണ് മരണപ്പെട്ടത്, ആ വരുമാനം ആശ്രയിച്ചാണ് പ്രവാസി കുടുംബങ്ങൾ കഴിഞ്ഞിരുന്നത്. ഇപ്പോൾ ആ വരുമാനം നിലച്ചപ്പോൾ ലോൺ അടക്കാനോ, വീട്ട് ചിലവിനോ മറ്റ് മാർഗങ്ങൾ ഇല്ല. ഈ സാഹചര്യത്തിൽ മരണപ്പെട്ട പാവപ്പെട്ട പ്രവാസികളുടെ ലോണുകൾ എഴുതിതള്ളാൻ സംസ്ഥാനസർക്കാർ തയ്യാറാകണം. ഇല്ലായെങ്കിൽ അടുത്ത നാലോ, അഞ്ചോ മാസം കഴിയുമ്പോൾ പ്രവാസി കുടുംബങ്ങൾ ജപ്തി ഭീഷണിയിൽ ആയിരിക്കും, പലതും ആത്മഹത്യ ചെയ്യാൻ തയ്യാറാകും. ഈ സാഹചര്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അടിയന്തിര നടപടികൾ സ്വീകരിക്കുകയും ചെയ്യണം എന്ന് ബഹ്റൈൻ ദേശീയ കമ്മറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.