മസ്‌കത്ത്: വേനല്‍ച്ചൂട് കടുത്തതോടെ തൊഴിലാളികളുടെ ഉച്ചവിശ്രമ നിയമം ഇന്നുമുതൽ പ്രാബല്യത്തില്‍, നിയമത്തിന്റെ കാലാവധി ഓഗസ്റ്റ് 31 വരെയാണ്. ഉച്ചയ്ക്ക് 12.30 മുതല്‍ 3.30 വരെ നിര്‍മ്മാണ തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത വിശ്രമം തൊഴിലുടമ അനുവദിക്കണമെന്നതാണ് നിയമം. മാനവവിഭവശേഷി മന്ത്രാലയമാണ് ഉച്ചവിശ്രമ നിയമം സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.
ഒമാന്‍ ലേബര്‍ ലോ ആര്‍ട്ടിക്കിള്‍ 16 അനുസരിച്ച് 2008 മുതൽ എല്ലാ വര്‍ഷവും ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വരുത്താറുണ്ട്. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ചൂട് കനക്കുമ്പോള്‍ പുറംജോലിക്കാരുടെ സുരക്ഷയും ആരോഗ്യവും കണക്കിലെടുത്താണ് ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്.
ഉച്ചവിശ്രമ നിയമം ലംഘിക്കുന്നുണ്ടോയെന്ന് കമ്പനികളെ നിരീക്ഷിക്കുന്നതിനായി പ്രത്യേക ടീം രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയ വക്താവ് വെളിപ്പെടുത്തി. നിയമലംഘനം നടത്തുന്നവര്‍ക്ക് കനത്ത പിഴ ഈടാക്കും.