കുവൈറ്റ് സിറ്റി:പുറംജോലിക്കാർക്കുള്ള ഉച്ചവിശ്രമം നിഷേധിക്കപ്പെടുന്നത് സംബന്ധിച്ച് 112 പരാതികൾ ലഭിച്ചതായി മനുഷ്യാവകാശ അസോസിയേഷൻ. ജൂൺ ഒന്നിന് ഉച്ചവിശ്രമം പ്രാബല്യത്തിൽ വന്നതിനുശേഷം ടെലിഫോൺ വഴി 72 പരാതികൾ ലഭിച്ചു. 42 വിഡിയോ ക്ലിപ്പുകളും ലഭ്യമായി. മുഴുവൻ പരാതികളും മാൻപവർ അതോറിറ്റിക്ക് കൈമാറിയതായി ഉച്ചവിശ്രമ നിയമലംഘനം കണ്ടെത്തുന്നതിനായി നിയോഗിക്കപ്പെട്ട മനുഷ്യാവകാശ അസോസിയേഷൻ പ്രചാരണ വിഭാഗം കോ-ഓർഡിനേറ്റർ മിഷാരി അൽ സിന്ദ് പറഞ്ഞു.ഓഗസ്റ്റ് അവസാനം വരെ രാവിലെ 11 മുതൽ വൈകിട്ട് 5 വരെയാണ് പുറം ജോലിക്കാർക്ക് ഉച്ചവിശ്രമം നൽകേണ്ടത്. അതേസമയം പെട്രോൾ പമ്പ് ജീവനക്കാർ, മോട്ടോർ സൈക്കിൾ ഉപയോഗിക്കുന്ന വിതരണ തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, കെട്ടിടങ്ങൾക്ക് പുറത്തെ കാവൽക്കാർ എന്നിവർക്ക് ഉച്ചവിശ്രമ നിയമം ബാധകമല്ല. നേരിട്ട് സൂര്യപ്രകാശം തട്ടുന്നവിധം ഒരിടത്ത് നിന്നുകൊണ്ട് ജോലി ചെയ്യുന്നവരല്ല എന്നതു ചൂണ്ടിക്കാട്ടിയാണ് ഇവരെ ഒഴിവാക്കിയത്. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ടും മറ്റും സൂര്യപ്രകാശം നേരിട്ട് തട്ടും വിധം ജോലി ചെയ്യുന്നവർക്കാണ് ഉച്ചവിശ്രമം പ്രഖ്യാപിച്ചിട്ടുള്ളത്.