മദീന: പ്രവാസി തൊഴിലാളികളുടെ ക്ഷേമവും സുരക്ഷിതത്വവും രാജ്യത്തിന്റെ ചുമതലയാണെന്നും അവരുടെ ദേശം കണക്കിലെടുക്കാതെ അനുയോജ്യമായ ജീവിത സാഹചര്യങ്ങളും പരിചരണവും ഒരുക്കുക എന്നത് രാജ്യത്തിന്റ കടമയാണെന്നും മദീന ഗവർണർ പ്രിൻസ് ഫൈസൽ ബിൻ സൽമാൻ പറഞ്ഞു. വിദേശികൾക്കായി ഒരുക്കുന്ന താമസ സൗകര്യങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം.എല്ലാ തൊഴിലാളികളോടും അനുകമ്പയോടെ പെരുമാറാനാണ് മതം അനുശാസിക്കുന്നത്. അവരുടെ ക്ഷേമത്തെ ബാധിക്കുന്ന തരത്തിലുള്ള ശാരീരികമോ മാനസികമോ ആയ നടപടികൾ സ്വീകരിക്കുന്നതിനെ തടയുകയും ചെയ്യുന്നു. തൊഴിലാളികൾക്കും അവരുടെ കുടുംബത്തിനും മെച്ചപ്പെട്ട ജീവിതം തേടി ഇവിടെയെത്തുന്ന പ്രവാസികൾ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതുവരെ അവരെ സുരക്ഷിതമായി സംരക്ഷിക്കാൻ വേണ്ടതെല്ലാം രാജ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.അവർ ഒരിക്കലും ഭാരമല്ല, അതിഥികളാണെന്നും അദ്ദേഹം പറഞ്ഞു.തൊഴിലാളികൾക്കായി മൂന്നു മാതൃകാഭവന പദ്ധതികൾ അടുത്ത മൂന്നു മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നും ഇത് 40% തൊഴിലാളികളുടെ ഭവന പ്രശ്നങ്ങൾ ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത 18 മാസത്തിനുള്ളിൽ രാജ്യാന്തര നിലവാരത്തോടെയും ആരോഗ്യ പരിസ്ഥിതി നിയമങ്ങൾക്ക് അനുസൃതമായും പുതിയ താമസ സ്ഥലങ്ങൾ നിർമിക്കാൻ സ്വകാര്യമേഖലയിലെ നിക്ഷേപകരെയും ഉപയോഗപ്പെടുത്തും. 3,000 തൊഴിലാളികളെ ഉൾക്കൊള്ളാൻ കഴിയുന്ന 976 ഭവന യൂണിറ്റുകൾ, 900 ആരാധകർക്കായി രണ്ട് നിലകളുള്ള പള്ളി, കൂടാതെ അത്യാധുനിക കെട്ടിടങ്ങൾ, കാന്റീനുകൾ, സൂപ്പർമാർക്കറ്റുകൾ, ജിം എന്നിവയാണ് പദ്ധതിയിലുണ്ട്. കൂടാതെ പ്രത്യേക സുരക്ഷാ നിരീക്ഷണ സംവിധാനങ്ങളുള്ള മെഡിക്കൽ ക്ലിനിക്കുകളും പൊതു സേവന കെട്ടിടങ്ങളും ഉണ്ടാകും. എല്ലാവിധ പ്രതിരോധ, മുൻകരുതൽ നടപടികളും സ്വീകരിച്ച് സമൂഹത്തിന്റെ മുഴുവൻ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു.