ദോഹ: കൊറോണ വൈറസ് പ്രതിരോധത്തിനു വേണ്ടി ഖത്തറില്‍ തുറന്ന റാസ് ലഫാന്‍ ആശുപത്രിയില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ വികസനങ്ങള്‍ കൊണ്ടുവരുമെന്ന് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന് മുഹമ്മദ് അല്‍ കുവാരി പറഞ്ഞു. റാസ് ലഫാന്‍ ആശുപത്രിയ്ക്കു പുറമേ കൊറോണ രോഗികളെ ചികിത്സിക്കാന്‍ മെസെയ്ദ് ആശുപത്രിയും ഇന്നലെ തുറന്നു പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഹമദ് മെഡിക്കല്‍ സെന്ററിനു പുറമെയാണ് ഈ രണ്ടു ആശുപത്രികളും കൊറോണ ചികിത്സയ്ക്കു വേണ്ടി സജ്ജമാക്കിയിരിക്കുന്നത്. കൊറോണ വൈറസ് ബാധിച്ച രോഗികള്‍ക്ക് ആവശ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കാനാണ് ഖത്തര്‍ കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതെന്ന് മന്ത്രി അറിയിച്ചു. പുതിയ ആശുപത്രികള്‍ കൂടി തുറന്നതോടെ 400 അക്യൂട്ട് കെയര്‍ ബെഡ്ഡുകള്‍ കൂടി കൊറോണ രോഗികളുടെ ചികിത്സയ്ക്ക് ലഭ്യമാക്കിയിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.