തൊഴില്‍ മന്ത്രാലയം സേവനങ്ങള്‍ യുഎഇ പാസ് വഴി മാത്രം, ഒക്ടോബര്‍ 18 മുതല്‍ പ്രാബല്യത്തിൽ

ദുബായ്: യുഎഇയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ നിർബന്ധമായും യുഎഇ പാസ് മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം.തൊഴില്‍ സംബന്ധിയായ എല്ലാ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും ഇനി മുതല്‍ യുഎഇ പാസ് ലോഗിന്‍ ചെയ്യേണ്ടി വരും. ഒക്ടോബര്‍ 18 മുതല്‍ യുഎഇ പാസ് അക്കൗണ്ട് വഴി മാത്രമേ ഉപയോക്താക്കള്‍ക്ക് മന്ത്രാലയത്തിന്‍റെ സേവനങ്ങള്‍ ആക്സസ് ചെയ്യാന്‍ കഴിയൂ എന്ന് ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു.
യുഎഇയിലെ ആയിരക്കണക്കിന് സര്‍ക്കാര്‍ സേവനങ്ങള്‍ ആക്സസ് ചെയ്യാന്‍ ഉപയോഗിക്കാവുന്ന ഒരൊറ്റ ലോഗിന്‍ അക്കൗണ്ടാണ് യുഎഇ പാസ്. ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കുന്നത് മുതല്‍ നിങ്ങളുടെ വൈദ്യുതി അടയ്ക്കുന്നത് വരെയുള്ള എല്ലാ ഓണ്‍ലൈന്‍ സേവനങ്ങളും ഇതിലൂടെ ലഭിക്കും. സര്‍ക്കാര്‍ ബില്ലുകള്‍ അടയ്ക്കുക, ഒരു ബിസിനസ്സ് രജിസ്റ്റര്‍ ചെയ്യുക, പരാതി ഫയല്‍ ചെയ്യുക, വിസ സ്‌പോണ്‍സര്‍ ചെയ്യുക എന്നിവ ഉള്‍പ്പെടെ 5,000 ലധികം വ്യത്യസ്ത സേവനങ്ങള്‍ ഇതുവഴി നിങ്ങള്‍ക്ക് ആക്സസ് ചെയ്യാന്‍ കഴിയും. ഇതിനു പുറമെ, ലേബര്‍ കാര്‍ഡ്, തൊഴില്‍ കരാര്‍ എന്നിവ ആക്‌സസ് ചെയ്യാനും യുഎഇ പാസ് ആവശ്യമാണ്.യുഎഇ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഒരൊറ്റ ഡിജിറ്റല്‍ ഐഡന്‍റിറ്റിയായി വര്‍ത്തിക്കുന്നതിനായി ഡിജിറ്റല്‍ ദുബായ്, ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്‍റ് റെഗുലേറ്ററി അതോറിറ്റി (ടിഡിആര്‍എ), അബുദാബിയിലെ ഗവണ്‍മെന്‍റ് എനേബിള്‍മെന്‍റ് വകുപ്പ് എന്നിവ ചേര്‍ന്നാണ് യുഎഇ പാസ് വികസിപ്പിച്ചത്.