ബലൂചിസ്ഥാൻ, ഗിൽജിത്– ബാൽടിസ്ഥാൻ, പാക്ക് അധിനിവേശ കശ്മീർ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെ സ്വാഗതം ചെയ്ത് കോൺഗ്രസ്. പ്രസംഗത്തെ വിമർശിച്ച കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ നടപടി തള്ളുകയും ചെയ്തു. ഖുർഷിദ് നടത്തിയത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും കോൺഗ്രസ് വ്യക്തമാക്കി.
ബലൂചിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും പീഡനങ്ങള്‍ പാക്കിസ്ഥാനുമായുള്ള ഉഭയകക്ഷി ചർച്ചകളിലും രാജ്യാന്തര വേദികളിലും ഇന്ത്യ ഉന്നയിക്കണം. ബലൂചിസ്ഥാനിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് ഉണ്ടാകുന്നതെന്നാണ് കോൺഗ്രസ് പാർട്ടിയുടെ അഭിപ്രായം.
പാക്കിസ്ഥാൻ സൈന്യവും മറ്റുള്ളവരും ചേർന്ന് ജനാധിപത്യം അടിച്ചമർത്താൻ ശ്രമിക്കുകയാണ്. സമാനമായ രീതിയിൽ തന്നെയാണ് ഇന്ത്യയുടെ അവിഭാജ്യഘടമായ പാക്ക് അധിനിവേശ കശ്മീരിലും പാക്കിസ്ഥാൻ സൈന്യം അധിക്രമം നടത്തുന്നതെന്നും കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു.
എല്ലാ വിഷയങ്ങളും പരിഹരിക്കണം. ഞങ്ങൾ സർക്കാരിനെ പിന്തുണയ്ക്കുന്നു. എന്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുമായി ബന്ധപ്പെട്ട് ചെയ്യാൻ പോകുന്നത്? രാജ്യാന്തര വേദികളിൽ എങ്ങനെയാണ് ഈ വിഷയം ഉയർത്തുക?. ഇന്ത്യയുടെ പ്രധാന ഭാഗമായ കശ്മീരിനെ പാക്കിസ്ഥാൻ ആക്രമിച്ച് അധീനതയിൽ ആക്കിയതാണ്. ഈ പ്രശ്നം ഇന്ത്യയുടെ താൽപര്യത്തിനനുസരിച്ച് പരിഹരിക്കണമെന്നും രൺദീപ് സിങ് സുർജേവാല ആവശ്യപ്പെട്ടു.