ദോഹ. ഖത്തറില്‍ കാണാതായ കുട്ടികളെ കണ്ടെത്താനും തിരികെ വീടുകളിലെത്തിക്കുന്നതിനുമുള്ള മെറ്റ സേവനത്തിന് ഖത്തറില്‍ തുടക്കമായി. ഫെയ്സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും സഹായത്തോടെ മെറ്റാ മിസ്സിംഗ് അലര്‍ട്ട് സംവിധാനമാണ് ഇതിനായി സജ്ജമാക്കിയത്. ഖത്തര്‍ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഫെയ്സ്ബുക്കില്‍ പരീക്ഷിച്ചു വിജയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ ആംബര്‍ അലേര്‍ട്ട് സൗകര്യം ഇന്‍സ്റ്റാഗ്രാമിലും മെറ്റ ലഭ്യമാക്കിയിരുന്നു. നംബിയോ സേഫ്റ്റി ഇന്‍ഡക്സ് 2022 പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായി റാങ്ക് ചെയ്യപ്പെട്ട ഖത്തറില്‍ പൊതു സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം ഇത്തരമൊരു സേവനം ആരംഭിച്ചത്. പുതിയ സേവനത്തിലൂടെ കുട്ടികളെ കാണാതായാല്‍ കാണാതായ സ്ഥലവും സമയവും ഫോട്ടോയും സഹിതം ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവ വഴി ബന്ധപ്പെട്ട അധികാരികള്‍ക്ക് മിസ്സിംഗ് ആംബര്‍ അലേര്‍ട്ട് ലഭിക്കും. ഇതുവഴി 160 കിലോമീറ്റര്‍ ചുറ്റളവില്‍ കാണാതായ കുട്ടികളെക്കുറിച്ചുള്ള അലേര്ട്ടുകള്എല്ലാ ഉപയോക്താക്കള്‍ക്കും ദൃശ്യമാകും.
ആംബര്‍ അലേര്‍ട്ട് മറ്റുള്ളവരുമായി ഫെയ്സ്ബുക്, ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് പങ്കിടാനും ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ പേരിലേക്ക് സന്ദേശം എത്തിക്കാനും കഴിയുന്നതിലൂടെ കുറഞ്ഞ സമയത്തിനുള്ളില്‍ കാണാതായ കുട്ടിയെ തിരിച്ചറിയാനും കണ്ടെത്താനും കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.