മോയിൻ കുട്ടി സാഹിബിന്റെ വിയോഗം: നഷ്ടമായത് ജനപ്രിയ നേതാവിനെയെന്ന് കെ.എം.സി.സി ബഹ്‌റൈൻ

മനാമ: മുൻ എം.എൽ.എയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സി. മോയിൻകുട്ടി സാഹിബിന്റെ വിയോഗത്തിൽ കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ എക്കാലത്തെയും മികച്ച പ്രസംഗികരിൽ ഒരാളായിരുന്ന മോയിൻകുട്ടി സാഹിബ്‌ പാർട്ടിക്ക് അകത്തും പുറത്തും ജനപ്രിയ നേതാവായിരുന്നു. തന്റെ ജീവിതം പോലും മുഴുനീളം സമൂഹത്തിനും സമുദായത്തിനും നീക്കിവച്ച അദ്ദേഹത്തിന്റെ വിയോഗം രാഷ്ട്രീയ കേരളത്തിന്റെ തന്നെ തീരാ നഷ്ടമാണെന്ന് സംസ്ഥാന കമ്മിറ്റി അനുശോചന കുറിപ്പിൽ പറഞ്ഞു.
തന്റെ പ്രവർത്തനശൈലിയിലൂടെ മുസ്ലിം ലീഗ് പ്രസ്ഥാനത്തിനപ്പുറം ജീവകാരുണ്യ സാമൂഹിക സാംസ്‌കാരിക മേഖലയിൽ സജീവമായിരുന്ന അദ്ദേഹം മറ്റു രാഷ്ട്രീയ നേതാക്കൾക്കും സ്വീകാര്യനായിരുന്നു. ഓരോ പ്രവർത്തകരുടെയും ഉള്ളറിഞ്ഞായിരുന്നു മോയിൻ കുട്ടി സാഹിബ്‌ പ്രവർത്തിച്ചിരുന്നത്. കെ.എം.സി.സിയുമായി ആത്മബന്ധം കാത്തുസൂക്ഷിച്ചിരുന്ന അദ്ദേഹം രണ്ട് വർഷം മുൻപ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാനായിരുന്നു അവസാനമായി ബഹ്‌റൈനിലെത്തിയിരുന്നത്. അന്ന് ഏവർക്കും സ്നേഹം പകർന്നു നൽകിയായിരുന്നു നാട്ടിലേക്ക് തിരിച്ചത്. എന്നും പ്രവാസികളുടെ വിഷയങ്ങൾ ഭരണകൂടങ്ങൾക്ക് മുന്നിൽ ഉയർത്തിക്കൊണ്ടുവരാൻ അദ്ദേഹം ശ്രമിക്കാറുണ്ടായിരുന്നു. ഒരു നേതാവിന് വേണ്ട സകല ഗുണങ്ങളും ഒത്തുചേർന്ന മഹാപ്രതിഭയായിരുന്നു മോയിൻകുട്ടി സാഹിബ്‌. തന്റെ മുന്നിലെത്തുന്ന ഏതു പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിവുള്ള പരിണിതപ്രജ്ഞനായ മധ്യസ്ഥനായും
ഏറ്റവും താഴെത്തട്ടിലുള്ള സാധാരണ പ്രവർത്തകൻ മുതൽ സമുന്നത നേതാക്കൾ വരെയുള്ളവരുമായി ഒരുപോലെ ഇടപഴകുന്ന അസാമാന്യ നേതൃത്വപാഠവമുള്ള നേതാവുമായിരുന്ന അദ്ദേഹത്തിന്റെ വിടവ് നികത്താൻ കഴിയാത്തതാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റി അനുശോചന കുറിപ്പിൽ പറഞ്ഞു.

മോയിൻ കുട്ടി സാഹിബിന്റെ വിയോഗത്തിൽ കെ.എം.സി.സി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി.