ധനിക രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് ഏഴാം സ്ഥാനം

india-moneyന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ധനികരായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് ഏഴാം സ്ഥാനം. അമേരിക്കയാണ് പട്ടികയിൽ ഒന്നാമത്. ഇന്ത്യയുടെ ചിരവൈരികളായ ചൈനയാണ് രണ്ടാം സ്ഥാനത്തുള്ളത്. 5600 ബില്യൺ ഡോളറാണ് ഇന്ത്യയിലെ വ്യക്തികളുടെ ആകെ സന്പത്തെന്ന് ന്യൂ വേൾഡ് വെൽത്ത് എന്ന സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു.

ഒന്നാം സ്ഥാനത്തുള്ള അമേരിക്കയുടെ ആസ്തി 48,900 ബില്യൺ ഡോളറാണ്. ചൈന($17,400 ബില്യൺ), മൂന്നാം സ്ഥാനത്തുള്ള ജപ്പാൻ ($15,100 ബില്യൺ) എന്നിങ്ങനെയാണ് സന്പത്തിന്റെ മൂല്യം. നാലാം സ്ഥാനത്തുള്ള ബ്രിട്ടന് 9200 ബില്യൺ ഡോളറിന്റെ ആസ്തിയുണ്ട്. ജർമനി (5, $9100 ബില്യൺ), ഫ്രാൻസ് (6, $6,600 ബില്യൺ)എന്നിങ്ങനെയാണ്. കാനഡ ($4700 ബില്യൺ), ആസ്ട്രേലിയ ($4500 ബില്യൺ), ഇറ്റലി ($4400 ബില്യൺ) എന്നീ രാജ്യങ്ങളാണ് യഥാക്രമം എട്ട്, ഒന്പത്, പത്ത് സ്ഥാനങ്ങളിലുള്ളത്.

വസ്തുവകൾ, പണം, ഓഹരി, ബിസിനസ് താൽപര്യങ്ങൾ എന്നിവയെല്ലാം ചേർത്തുള്ള കണക്കാണ് ആകെ സന്പത്ത് ആയി കണക്കാക്കുന്നത്. അതേസമയം, സർക്കാരിന്റെ ഫണ്ടുകൾ ഈ കണക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ചൈന, അതിവേഗത്തിൽ വളരുന്ന സാന്പത്തിക രാജ്യമായി മാറിയിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആസ്ട്രേലിയയും ഇന്ത്യയും ശക്തമായി തന്നെ വളരുകയാണ്. ഒരു വർഷത്തിനിടെയാണ് ആസ്ട്രേലിയയും കാനഡയും ഇറ്റലിയെ മറികടന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.