മനാമ : കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് പോകുവാൻ ആയിരക്കണക്കിന് ആളുകൾ എംബസിയിൽ രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഗൾഫ് മേഖലയിൽ നിന്ന് കൂടുതൽ ഫ്ലൈറ്റ്കൾ ക്രമീകരിച്ചു നാട്ടിൽ പോകുവാൻ ആഗ്രഹിക്കുന്ന അർഹരായ എല്ലാ ആളുകളെയും അടിയന്തിരമായി നാട്ടിൽ എത്തിക്കണം എന്ന് ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം എന്നിവർ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു. നൂറ്റി എഴുപതോ, നൂറ്റി എൺപതൊ ആളുകൾക്ക് യാത്ര ചെയ്യുവാൻ സാധിക്കുന്ന ചെറിയ ഫ്ലൈറ്റ്കൾ ആണ് അനുവദിച്ചിട്ടുള്ളത്. അതും പ്രാതിനിധ്യം അനുസരിച്ചു ഓരോ രാജ്യങ്ങൾക്കും അർഹതപെട്ടത് അനുവദിക്കുന്നില്ല. ഇത് മൂലം അർഹതപ്പെട്ട അനേകം ആളുകൾ ദിവസവും എംബസികളിൽ കയറി ഇറങ്ങി നടക്കുന്ന സാഹചര്യം ആണ് ഉള്ളത്. നിലവിൽ എംബസിയിൽ രജിസ്റ്റർ ചെയ്ത ഗർഭിണികൾ, രോഗം മൂലം നാട്ടിൽ ചികിത്സ വേണ്ട ആളുകൾ, വാർധക്യം മൂലം ജോലി നഷ്ടപ്പെട്ട ആളുകൾ, മറ്റ് രീതിയിൽ ജോലി നഷ്ടപ്പെട്ട ആളുകൾ, കുടുംബനാഥന് ശമ്പളം കൃത്യമായി ലഭിക്കാതെ കഷ്ടപ്പെടുന്ന കുടുംബിനികൾക്കും, അവരുടെ മക്കൾക്കും ഇങ്ങനെ അടിയന്തിരമായി നാട്ടിൽ എത്തേണ്ട ആളുകളുടെ ലിസ്റ്റ് തയാറാക്കി അതിന് അനുസരിച്ച് ആവശ്യത്തിന് ഫ്ലൈറ്റ്കൾ അനുവദിക്കുക എന്നുള്ളതാണ് ഇതിനുള്ള ശാശ്വത പരിഹാരം. അടിയന്തിരമായി നാട്ടിൽ എത്തേണ്ട ആളുകൾക്ക് ഇപ്പോൾ അവസരം ലഭിക്കുന്നില്ല എങ്കിൽ അത് വളരെ ബുദ്ധിമുട്ട് ആയി വരും.നിലവിൽ കേന്ദ്ര സർക്കാർ ചെരുപ്പിന് അനുസരിച്ചു കാല് മുറിക്കുന്ന ഏർപ്പാടാണ് നടത്തുന്നത്. അത് മാറ്റി കാലിന് അനുസരിച്ചു ചെരുപ്പ് ഉണ്ടാക്കുവാനാണ് ശ്രമിക്കേണ്ടത്. സംസ്ഥാനസർക്കാർ പ്രവാസികളോട് കാണിക്കുന്നത് കൊടും ക്രുരതയാണ്. സ്വന്തം വീടുകളിൽ ക്വറന്റൈൻ സൗകര്യം ഉള്ള ആളുകളാണ് പ്രവാസികൾ, അത് ഒഴിവാക്കി സർക്കാർ പറയുന്ന സ്ഥലങ്ങളിൽ സർക്കാർ പറയുന്ന തുക കൊടുത്തു കൊണ്ട് ക്വറന്റൈൻ സൗകര്യം ഉപയോഗിക്കണം എന്ന് പറയുന്നത് പ്രവാസികൾക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കും. കഴിഞ്ഞ നാലോ, അഞ്ചോ മാസമായി ജോലിയോ ശമ്പളമോ ഇല്ലാതെ സാമൂഹ്യ സംഘടനകൾ കൊടുക്കുന്ന ഭക്ഷണവും,താമസവും ഉപയോഗിച്ച്, ബിസിനസ് പ്രമുഖരോ, പ്രവാസി സംഘടനകളോ കൊടുക്കുന്ന ടിക്കറ്റും കൊണ്ടാണ് പ്രവാസികൾ നാട്ടിൽ എത്തിയത്. അങ്ങനെ ഉള്ള ആളുകളെ പിഴിഞ്ഞ് കാശ് ഉണ്ടാക്കുവാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം പുനഃ പരിശോധിക്കണം എന്നും ഒഐസിസി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു