16,340 ത്തിലധികം നിയമലംഘകരെ പിടികൂടി : 10,119 പേരെ നാടുകടത്തിയതായും സൗദി ആഭ്യന്തര മന്ത്രാലയം

സൗദി അറേബ്യ : വിവിധ സ്ഥലങ്ങളിൽ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 16,340 ത്തിലധികം നിയമലംഘകരെ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം പത്ത് മുതൽ 16 വരെയുള്ള ദിവസങ്ങളിൽ 9,526 ഇഖാമ നിയമ ലംഘകരും 4,335 നുഴഞ്ഞുകയറ്റക്കാരും 2,479 തൊഴിൽ നിയമ ലംഘകരും അടക്കം ആകെ 16,340 നിയമ ലംഘകരെയും പിടി കൂടി . അതിർത്തി വഴി രാജ്യത്ത് നുഴഞ്ഞു കയറാൻ ശ്രമിച്ച 520 പേരെയും പിടി കൂടിയതായി അധികൃതർ അറിയിച്ചു . അതിർത്തികൾ വഴി അനധികൃത രീതിയിൽ രാജ്യം വിടാൻ ശ്രമിച്ച 24 പേരും ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. ഇഖാമ, തൊഴിൽ നിയമ ലംഘകർക്കും നുഴഞ്ഞു കയറ്റക്കാർക്കും ജോലിയും താമസവും യാത്രാ സൗകര്യവും നൽകിയ 15 പേരെയും സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. നിലവിൽ ഡീപോർട്ടേഷൻ സെന്ററുകളിൽ കഴിയുന്ന 54,200 നിയമ ലംഘകരുടെ കേസുകളിൽ നിയമാനുസൃത നടപടികൾ സ്വീകരിച്ചു വരികയാണെന്നും ഇവരിൽ 49,806 പേർ പുരുഷന്മാരും 4,394 പേർ വനിതകളുമാണ്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി 43,143 പേർക്ക് താൽക്കാലിക യാത്രാ രേഖകൾ സംഘടിപ്പിക്കാൻ എംബസികളുമായും കോൺസുലേറ്റുകളുമായും സഹകരിച്ച് നടപടികൾ സ്വീകരിച്ചു വരുന്നതായും , 2,241 പേർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാനും നടപടികൾ സ്വീകരിച്ചു വരികയാണെന്നും ഏഴുദിവസത്തിനുള്ളിൽ 10,119 നിയമ ലംഘകരെ സൗദിയിൽ നിന്ന് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി