ദുബായ്. 2017-ൽ ആരംഭിച്ച ലോകത്തിലെ ആദ്യത്തെ ആളില്ലാ സ്മാർട്ട് പൊലീസ് സ്റ്റേഷനുകൾ ഇതുവരെ 20 ലക്ഷത്തിലേറെ സന്ദർശകരെ ആകർഷിക്കുകയും 5 വർഷ കാലയളവിൽ 363,189 ഇടപാടുകൾ നടത്തുകയും ചെയ്തു.
ആദ്യ സ്മാർട്ട് പൊലീസ് സ്റ്റേഷന്റെ (എസ്പിഎസ്) ഉദ്ഘാടനത്തിന്റെ അഞ്ചാം വാർഷികത്തിൽ ഉപയോക്താക്കൾക്ക് 24 മണിക്കൂറും മനുഷ്യ ഇടപെടലില്ലാതെ സ്മാർട്ട് സേവനങ്ങൾ നൽകുന്നതായി ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ലോജിസ്റ്റിക് സപ്പോർട്ട് ഡയറക്ടറും സ്മാർട്ട് പൊലീസ് സ്റ്റേഷനുകൾക്കായുള്ള ഗവൺമെന്റ്, പ്രൈവറ്റ് സെക്ടർ ടീമിന്റെ തലവനുമായ മേജർ ജനറൽ അലി അഹമ്മദ് ഗാനിം പറഞ്ഞു. ഡിജിറ്റൽ പരിവർത്തനത്തിന്റെയും സ്മാർട്ട് പൊലീസ് സേവനങ്ങളുടെ വിനിയോഗത്തിന്റെയും തുടക്കക്കാരായതിൽ അഭിമാനിക്കുന്നു. ദുബായ് നിവാസികൾക്കും സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും ഈ സ്മാർട്ട് പൊലീസ് സ്റ്റേഷനുകളിലൂടെ മനുഷ്യ ഇടപെടലില്ലാതെ തന്നെ മണിക്കൂറുകളോളം സ്മാർട്ട് പൊലീസ് സേവനങ്ങൾ എളുപ്പത്തിൽ പ്രയോജനപ്പെടുത്താൻ കഴിയും. ഇത് ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദുബായ് നിവാസികൾക്ക് DubaiNow ആപ്പിൽ ചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്യാം. ക്രൈം റിപ്പോർട്ടുകൾ, മറ്റ് കമ്മ്യൂണിറ്റി അധിഷ്ഠിത സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള സേവനങ്ങളുള്ള സ്മാർട്ട് പൊലീസ് സ്റ്റേഷനുകൾ ദുബായിലെ 20 ലേറെ സ്ഥലങ്ങളിൽ സ്ഥിതിചെയ്യുന്നു. അറബിക്, ഇംഗ്ലിഷ്, സ്പാനിഷ്, ഫ്രഞ്ച്, ജർമൻ തുടങ്ങിയ ഭാഷകൾ ഉൾപ്പെടെ ഏഴ് ഭാഷകളിലുള്ള സേവനം സ്റ്റേഷൻ വാഗ്ദാനം ചെയ്യുന്നു. എക്സ്പോ 2020-ൽ സ്മാർട്ട് പൊലീസ് സ്റ്റേഷനുകളുടെ പ്രകടനം അഭിനന്ദനാർഹമായിരുന്നു. എക്സ്പോ 2020 സൈറ്റിൽ 24 മണിക്കൂറും സന്ദർശകർക്ക് സേവനം നൽകുന്ന സ്മാർട്ട് പൊലീസ് സ്റ്റേഷനുകൾ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.