ഒമാനിൽ പുതിയ അദ്ധ്യയന വര്‍ഷം ആരംഭിച്ചു, ഏഴ് ലക്ഷത്തിലധികം വിദ്യാർത്ഥികൾ സ്കൂളിലേക്ക്

മസ്‍കറ്റ്. ഒമാനില്‍ പുതിയ അദ്ധ്യയന വര്‍ഷത്തിന് തുടക്കമായി. ഏഴ് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പുതിയ ഇന്ന് സ്കൂളുകളിലെത്തിയത്. 7,29,331 വിദ്യാർത്ഥികളും 57,033 അധ്യാപകരും 10,834 അ‍ഡ്‍മിനിസ്‌ട്രേറ്റീവ്, ടെക്‌നിക്കൽ സ്റ്റാഫുകളും വിദ്യാലയങ്ങളിലെത്തുമെന്നാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

ഒമാനിലെ 1,422 സർക്കാർ സ്‌കൂളുകളിലാണ് അദ്ധ്യയനം നടക്കുന്നത്. താഴ്‍ന്ന വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ദിവസേന ഭക്ഷണവും സ്‍കൂൾ സാമഗ്രികളും നൽകാൻ സുൽത്താൻ ഹൈതം ബിൻ താരിക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

കൊവിഡ് നിയന്ത്രണങ്ങൾ പരിപൂർണമായി ഒഴിഞ്ഞ ശേഷം അദ്ധ്യയനം സമ്പൂർണമായി ക്ലാസ് മുറികളിലേക്ക് മാറി എന്ന സവിശേഷതകൂടി ഇത്തവണയുണ്ട്.