ദുബായ് ബസ് അപകടം: ഡ്രൈവർ കുറ്റക്കാരനല്ലെന്നു പ്രതിഭാഗം

ദുബായ്: മലയാളികൾ ഉൾപ്പെടെ 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ ഒമാനിയായ ഡ്രൈവർ കുറ്റക്കാരനല്ലെന്നു പ്രതിയുടെ അഭിഭാഷകൻ. അപകടമുണ്ടാക്കിയ സൈൻബോർഡ് ചട്ടപ്രകാരമല്ല സ്ഥാപിച്ചതെന്നും മറ്റു പല പിഴവുകളുമുണ്ടെന്നും കോടതിയെ ബോധിപ്പിച്ചു. കേസ് അടുത്തമാസം 31ലേക്കു മാറ്റി. കേസിൽ ഡ്രൈവർ 34 ലക്ഷം ദിർഹം നഷ്ടപരിഹാരവും 50,000 ദിർഹം പിഴയും നൽകാനുള്ള ദുബായ് ട്രാഫിക് കോടതി വിധിക്കെതിരെയുള്ള അപ്പീലിൽ വാദം തുടരുകയാണ്.

7 വർഷത്തെ തടവുശിക്ഷയും വിധിച്ചിരുന്നു. നിർണായകമായ പല ഘടകങ്ങളും കോടതി പരിഗണിച്ചില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ജൂൺ 6ന് നടന്ന അപകടത്തിൽ 8 മലയാളികളടക്കം 12 ഇന്ത്യക്കാരാണ് മരിച്ചത്. 13 പേർക്കു പരുക്കേറ്റു. പെരുന്നാൾ അവധിക്ക് ഒമാൻ സന്ദർശിച്ചു മടങ്ങുകയായിരുന്ന 30 പേരാണ് മുവസലാത്ത് ബസിലുണ്ടായിരുന്നത്. ദുബായ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്നു റാഷിദിയ റോഡിലേക്കു ബസ് തിരിയുമ്പോൾ റോഡിനു കുറുകെ സ്ഥാപിച്ച ഇരുമ്പ് ബീമിൽ (ഹൈറ്റ് ബാരിയർ)ഇടിച്ചായിരുന്നു അപകടം.

വലിയ വാഹനങ്ങൾ കയറാതിരിക്കാൻ സ്ഥാപിച്ച ബീം ഡ്രൈവറുടെ ശ്രദ്ധയിൽ പെട്ടില്ല. തൃശൂർ തളിക്കുളം സ്വദേശി ജമാലുദ്ദീൻ, ഒമാനിൽ അക്കൗണ്ടന്റ് ആയ തിരുവനന്തപുരം സ്വദേശി ദീപക് കുമാർ, തൃശൂർ സ്വദേശി വാസുദേവൻ, തലശ്ശേരി സ്വദേശികളായ ഉമ്മർ ചോനോകടവത്ത്, മകൻ നബീൽ ഉമ്മർ, തൃശ്ശൂർ സ്വദേശി കിരൺ ജോൺ, കോട്ടയം പാമ്പാടി സ്വദേശി വിമൽ കുമാർ, രാജൻ പുതിയപുരയിൽ എന്നിവരാണ് മരിച്ച മലയാളികൾ.