സ്വാതന്ത്ര്യ സമര ചരിത്രം പുതുതലമുറക്ക് പകര്‍ന്ന് നല്‍കണമെന്ന് എംപി അബ്ദുസ്സമദ് സമദാനി എംപി

മനാമ: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം പുതുതലമുറക്ക് പകര്‍ന്ന് നല്‍കണ്ടേത് അനിവാര്യമാണെന്ന് എംപിയും പ്രമുഖ വാഗ്മിയുമായ ഡോ, എംപി അബ്ദുസ്സമദ് സമദാനി എംപി. 75 ാം ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തിന്റെ മുന്നോടിയായി കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ഇപ്പോള്‍ ജീവിക്കുന്നവരില്‍ വലിയൊരു വിഭാഗവും സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ചരവരാണ് അതുകൊണ്ടുതന്നെ സ്വാതന്ത്ര്യ സമരങ്ങളെ കുറിച്ചോ, അന്ന് ത്യാഗം സഹിച്ച മഹാവ്യക്തികളെ കുറിച്ചോ അവബോധമില്ലാത്തവരാണ്. അതിനാല്‍ തന്നെ പുതിയ തലമുറയ്ക്ക് സ്വാതന്ത്ര്യ സമര കാലഘട്ടത്തെ കുറിച്ച് അവബോധം പകര്‍ന്നു നല്‍കാന്‍ ശ്രദ്ധിക്കണമെന്നും അതിനുള്ള പ്രചോദനം സ്വാതന്ത്ര്യദിനാഘോഷത്തില്‍നിന്ന് ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യത്തെ കുറിച്ച് കുറേകൂടി ഗൗരവത്തോടെ ചിന്തിക്കുന്ന കാലമാണ് ഈ കോവിഡ് കാലം. കോവിഡ് മഹാമാരി കാരണം നിയന്ത്രണങ്ങളുടെ ഭാഗമായി ചെറിയ കാര്യങ്ങളിലെ സ്വാതന്ത്ര്യം പോലും നമുക്ക് നിഷേധിക്കപ്പെട്ടു. അതിനാല്‍ സ്വാതന്ത്ര്യത്തിന്റെ വിലയെന്താണെന്ന് നാം മനസ്സിലാക്കി. വൈദേശിക സാമ്രാജത്വ ശക്തികളുടെ അടിച്ചമര്‍ത്തലുകള്‍ക്കെതിരേ നമ്മുടെ മുന്‍ഗാമികള്‍ നടത്തിയ പോരാട്ടത്തിന്റെ ബാക്കിപത്രമാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വതന്ത്ര്യം. എല്ലാവരെയും ഒരുപോലെ കാണുന്ന സമത്വത്തിന്റെ സംസ്‌കാരമാണ് ഇന്ത്യയെന്നും ആ ഒരു വികാരം ഉയര്‍ത്തിപ്പിടിച്ചാണ് സ്വാതന്ത്ര്യ സമരത്തില്‍ എല്ലാവരും പങ്ക് ചേര്‍ന്നതെന്നും ആ ഒരുമ ഈ കാലത്തിനും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ എംബസിയുടെ ഇന്ത്യ@75 പരിപാടിയോടനുബന്ധിച്ച് ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ച സംഗമത്തില്‍ കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് ഗഫൂര്‍ കയ്പമംഗലം അധ്യക്ഷത വഹിച്ചു. ഐസിആര്‍എഫ് ചെയര്‍മാന്‍ ഡോ. ബാബു രാമചന്ദ്രന്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സോമന്‍ ബേബി, സാമൂഹ്യ പ്രവര്‍ത്തകന്‍ എംഎക്‌സ് ജലീല്‍, കെഎംസിസി ബഹ്റൈന്‍ ട്രഷറര്‍ റസാഖ് മൂഴിക്കല്‍, വൈസ് പ്രസിഡന്റ് ശംസുദ്ധീന്‍ വെള്ളിക്കുളങ്ങര എന്നിവര്‍ സംസാരിച്ചു . ആക്ടിംഗ് ജന. സെക്രട്ടറി കെ പി മുസ്തഫ സ്വാഗതവും സെക്രട്ടറി ഒകെ കാസിം നന്ദിയും പറഞ്ഞു.

സംസ്ഥാന ഭാരവാഹികളായ കുട്ടുസ മുണ്ടേരി , എ പി ഫൈസൽ , റഫീഖ് തോട്ടക്കാര , കെ യു ലത്തീഫ് എന്നിവർ സംബന്ധിച്ചു.

കെ എം സി സി കോഴിക്കോട് ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി പി വി മൻസൂർ ഓൺലൈൻ സംഗമം കോർഡിനേറ്റ് ചെയ്‌തു.