ദുബായ്. യു എ ഇയിലെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരമൊരുക്കി അഞ്ചുവര്‍ഷം കാലാവധിയുള്ള സന്ദര്‍ശക വിസ പദ്ധതി. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ക്ക് ഓണ്‍ലൈന്‍ മുഖേനെ അപേക്ഷിക്കാം.
എല്ലാ രാജ്യക്കാര്‍ക്കും അഞ്ച് വര്‍ഷ വിസയ്ക്ക് അപേക്ഷിക്കാം. മറ്റൊരാളുടെ സ്പോണ്‍സര്‍ഷിപ്പ് ആവശ്യമില്ല. സ്വന്തം സ്‌പോണസര്‍ഷിപ്പില്‍ പലതവണ യു എ ഇ സന്ദര്‍ശിക്കാന്‍ കഴിയും. വിസ ലഭിച്ച് യു എ ഇയിലെത്തിയാല്‍ 90 ദിവസം വരെ തുടര്‍ച്ചയായി തങ്ങാം. തങ്ങാനുള്ള കാലയളവ് യു എ ഇ വിടാതെ തന്നെ 90 ദിവസത്തേക്കു കൂടി നീട്ടുകയും ചെയ്യാം. എന്നാല്‍ വര്‍ഷത്തില്‍ 180 ദിവസത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി തങ്ങാന്‍ അനുമതി ലഭിക്കില്ല.
ആഗോള നിക്ഷേപക കേന്ദ്രമെന്ന നിലയ്ക്കുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു പുതിയ വിസ പദ്ധതി യു എ ഇ പ്രഖ്യാപിച്ചത്. അതോടൊപ്പം, യു എ ഇയെ രാജ്യാന്തര വിനോസഞ്ചാരത്തിന്റെ മുഖ്യകേന്ദ്രമാക്കാനും അവര്‍ ലക്ഷ്യമിടുന്നു.
തൊഴില്‍ അന്വേഷകര്‍ക്കും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ദീര്‍ഘനാള്‍ കഴിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പുതിയ വിസ സംവിധാനം മികച്ച അവസരമൊരുക്കും. അതുപോലെ ബിസിനസുകാര്‍ക്കും യു എ ഇയിലെ ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഏറെ ഗുണകരമാവും. ബിസിനസ് കോണ്‍ഫറന്‍സുകള്‍ക്കും പരിശീലനത്തിനും ഉള്‍പ്പെടെ മറ്റു രാജ്യങ്ങളില്‍നിന്ന് ജീവനക്കാരെ കൊണ്ടുവരുന്നതു പുതിയ സംവിധാനം എളുപ്പമാക്കുന്നു.
എങ്ങനെ അപേക്ഷിക്കാം?
വളരെ എളുപ്പത്തില്‍ അപേക്ഷിക്കാമെന്നതാണു പുതിയ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയുടെ പ്രധാന പ്രത്യേകത. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസന്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്സ് സെക്യൂരിറ്റി (ഐ സി പി) വെബ്‌സൈറ്റ് വഴിയോ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്സ് (ജി ഡി ആര്‍ എഫ് എ) പോര്‍ട്ടല്‍ മുഖേനയോ അപേക്ഷിക്കാം.
യു എ ഇയില്‍ തന്നെ കഴിയുന്നവരാണെങ്കില്‍ അമീര്‍ 247 ഇമിഗ്രേഷന്‍ സര്‍വീസസ് സെന്ററുകള്‍ വഴിയ അപേക്ഷിക്കാം. ദുബായ് വിസയ്ക്ക് അപേക്ഷിക്കുന്നതെങ്കില്‍ ജി ഡി ആര്‍ എഫ് എ പോര്‍ട്ടല്‍ വഴിയോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ആണ് അപേക്ഷ നല്‍കേണ്ടത
വേണ്ടത് എന്തൊക്കെ രേഖകള്‍?
യു എ ഇയിലുള്ളവരാണ് അപേക്ഷകരെങ്കില്‍:
4000 യുഎസ് ഡോളര്‍ അല്ലെങ്കില്‍ തുല്യമായ തുക ബാങ്ക് ബാലന്‍സുണ്ടെന്നു തെളിയിക്കുന്ന ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്
യു എ ഇ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ രേഖ
പാസ്പോര്‍ട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകളുടെ ഫൊട്ടോകോപ്പി
വെള്ള പശ്ചാത്തലത്തിലുള്ള സമീപകാലത്ത് എടുത്ത പാസ്പോര്‍ട്ട് സൈസ് കളര്‍ ഫൊട്ടോ
അപേക്ഷകര്‍ സന്ദര്‍ശകരാണെങ്കില്‍ മറ്റു ചില രേഖകള്‍ കൂടി സമര്‍പ്പിക്കണം. അവ:
വിമാന ടിക്കറ്റിന്റെ പകര്‍പ്പ്
എവിടെ താമസിക്കുമെന്നു തെളിയിക്കുന്ന യു എ ഇയിലുള്ള ബന്ധുവിന്റെയോ സുഹൃത്തിന്റെയോ ക്ഷണം പോലെയുള്ള രേഖ അല്ലെങ്കില്‍ ഹോട്ടല്‍ ബുക്കിങ്ങിന്റെയോ വാടകക്കരാറിന്റെയോ രേഖ.
അപേക്ഷ നല്‍കിയാല്‍ ഇ മെയില്‍, എസ് എം എസ് വഴിസ്റ്റാറ്റസ് നോട്ടിഫിക്കേഷന്‍ ലഭിക്കും. സമര്‍പ്പിച്ച രേഖകളില്‍ എന്തെങ്കിലും കുറവുകണ്ടെങ്കില്‍ അവ സമര്‍പ്പിക്കാനും തിരുത്തല്‍ വരുത്താനും 30 ദിവസം ലഭിക്കും. ഈ കാലയളവിനുള്ളില്‍ ബന്ധപ്പെട്ട രേഖ നല്‍കിയില്ലെങ്കില്‍ അപേക്ഷ തള്ളും. രേഖകളില്‍ മൂന്നു തവണയില്‍ കൂടുതല്‍ അവ്യക്തത കണ്ടെത്തിയാലും അപേക്ഷ നിരസിക്കും.
ഫീസ് എത്ര?
അഞ്ചു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ വിസയ്ക്ക് 1500 ദിര്‍ഹം (33,000 രൂപയോളം) അപേക്ഷാ ഫീസ് മാത്രം വരും. കലക്ഷന്‍ കമ്മിഷനായി 20 മുതല്‍ 50 വരെ ദിര്‍ഹം വിവിധ ബാങ്കുകള്‍ ഈടാക്കും. അമിര്‍ സെന്ററുകള്‍ വഴിയാണ് അപേക്ഷിക്കുതെങ്കില്‍ 100 ദിര്‍ഹം കൂടുതല്‍ നല്‍കണം.