ഒമാനിൽ സ്വദേശി കുടുംബത്തെ കൂട്ടക്കൊല ചെയ്തത് വിദേശികൾ

മസ്കറ്റ് : ബിദിയയിൽ കഴിഞ്ഞയാഴ്ച സ്വദേശി കുടുംബത്തെ കൂട്ടക്കൊല ചെയ്‌ത സംഭവത്തിനു പിറകിൽ വിദേശികളെന്ന് ഒമാൻ റോയൽ പോലീസ് അറിയിച്ചു. ഏഷ്യൻ വംശജരായ പ്രതികൾ രാജ്യം വിട്ടതായും പോലീസ് പറഞ്ഞു.അഭിഭാഷകനായ ഒമാൻ പൗരനെയും അദ്ദേഹത്തിന്റെ ഭാര്യയേയും 3 കുട്ടികളെയും വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.കൃത്യം നടന്നതിന് ശേഷം രണ്ട് ദിവസം കഴിഞ്ഞാണ് സംഭവത്തെക്കുറിച്ച് പുറത്തറിഞ്ഞത്. ഇത് പ്രതികൾക്ക് ഒമാനിൽ നിന്ന് രക്ഷപ്പെടാനുള്ള അവസരമൊരുക്കുകയായിരുന്നു.

പ്രതികളെ ഒമാനിലേക്ക് തിരികെ കൊണ്ട് വരാനുള്ള ശ്രമം അന്താരാഷ്ട്ര തലത്തിൽ നടക്കുകയാണ്. ഒമാൻ പൗരന്മാർ സാമൂഹിക മാധ്യമങ്ങളിൽ ശക്തമായ രീതിയിലാണ് സംഭവത്തോട് പ്രതികരിച്ചിട്ടുള്ളത്. കുറ്റവാളികൾ രാജ്യം വിടുന്നത് തടയാനുള്ള സംവിധാനം ശക്തമാക്കണമെന്ന് സോഷ്യൽ മീഡിയ കാമ്പയിനിൽ ജനങ്ങൾ ആവശ്യപ്പെടുന്നു.ഒമാനിലെ പൊതു സമൂഹത്തെ ആകെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. ഇത്തരത്തിലുള്ള ഒരു സംഭവം അടുത്ത കാലത്തൊന്നും ഒമാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലായിരുന്നു.