ബീച്ചുകളില്‍ മാലിന്യം അലക്ഷ്യമായി ഉപേക്ഷിക്കുന്നതിനെതിരെ മസ്‌കത്ത് നഗരസഭാ അധികൃതര്‍. ബീച്ചുകള്‍ അടക്കമുള്ള പൊതു ഇടങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതിന് എല്ലാവരും സന്നദ്ധരാകണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. മാലിന്യങ്ങളില്ലാത്ത ബീച്ചുകള്‍ എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ബീച്ചുകളില്‍ മാലിന്യം നിക്ഷേപിക്കുന്നതിന് കഴിഞ്ഞ വര്‍ഷം കൂടുതല്‍ മാലിന്യപ്പെട്ടികള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍, ഇത് ഉപയോഗപ്പെടുത്തുന്നതിന് പലരും തയാറാകുന്നില്ല. ബീച്ചുകളില്‍ അധികൃതര്‍ തന്നെ ബോധവത്കരണവും നടന്നു വരുന്നുണ്ട്. ഇത് ഗൗനിക്കാതെയാണ് നിയമലംഘനം തുടരുന്നത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനെ കുറിച്ചും അധികൃതര്‍ ആലോചിക്കുന്നുണ്ട്.